കെഎസ്ആർടിസി അപകടം: ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിച്ചിരുന്നു… ഗതാഗത മന്ത്രി

കോഴിക്കോട്: കർണാടകയിലെ ബിഡദിക്ക് സമീപമുണ്ടായ കെഎസ്ആർടിസി ബസ് അപകടത്തിൽ ഉയർന്ന വിമർശനങ്ങളിൽ വിശദീകരണവുമായി ഗതാഗത മന്ത്രി സി പി ജോൺ. അപകടവുമായി ബന്ധപ്പെട്ട് പ്രാഥമിക പരിശോധന നടത്തിയെന്നും ബസിന് പഴക്കമില്ലെന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു. ഡ്രൈവർ മിഥിലേഷിന് മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നും നിയമപ്രകാരമുള്ള നടപടികളിൽ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിഥിലേഷ് ലോങ് ട്രിപ്പ് സർവീസുകൾ ഓടിച്ചിരുന്ന ഡ്രൈവറാണെന്നും മന്ത്രി പറഞ്ഞു. അപകടത്തിന് മുമ്പ് ഡ്രൈവർ 16 മണിക്കൂറിന് ശേഷമാണ് സൈൻ ഓൺ ചെയ്തതെന്നും അതിനാൽ മതിയായ വിശ്രമം ലഭിച്ചിരുന്നുവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡ്രൈവർക്ക് ആവശ്യമായ വിശ്രമം ലഭിച്ചില്ലെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും സി പി ജോൺ പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പുള്ള ദിവസം മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് ബസ് ഓടിച്ച ഡ്രൈവറെ അന്നുതന്നെ ബെംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് വീണ്ടും നിയോഗിച്ചെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ദീർഘദൂര സർവീസുകളിൽ പരിചയസമ്പന്നരായ ഡ്രൈവർമാരെ നിയോഗിക്കുന്ന പതിവിന് വിരുദ്ധമായി താൽക്കാലിക ജീവനക്കാരനെ ഡ്രൈവറായി നിയോഗിച്ചതിനെതിരെയും വിമർശനമുണ്ടായിരുന്നു.
അപകടത്തിൽ ഡ്രൈവർ മിഥിലേഷും കണ്ടക്ടർ അരുണും മരിച്ചിരുന്നു. മിഥിലേഷ് താൽക്കാലിക ജീവനക്കാരനായിരുന്നുവെന്നും കുടുംബത്തിന് നിലവിൽ 10 ലക്ഷം രൂപ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്ന കാര്യം ആലോചിക്കും. താൽക്കാലിക ജീവനക്കാരൻ അപകടത്തിൽ മരിച്ചാൽ കുടുംബത്തിലെ ഒരാൾക്ക് താൽക്കാലികമായെങ്കിലും ജോലി നൽകുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അന്തർസംസ്ഥാന സർവീസുകൾക്ക് മുഴുവൻ പുതിയ ബസുകൾ നൽകാൻ നിലവിൽ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിലുള്ള ബസുകൾ നവീകരിക്കുന്നതിനുള്ള സംവിധാനമുണ്ട്. ചില ബസുകളിൽ ഇതിനകം നവീകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബസ് സർവീസ് നടത്തുന്ന സമയം വർധിപ്പിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കണ്ടക്ടർ കം ഡ്രൈവർ സംവിധാനം നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ആശയം നല്ലതാണെന്ന് സി പി ജോൺ പറഞ്ഞു. പുതിയ നിയമനങ്ങളിൽ മൾട്ടി ടാസ്‌ക് സംവിധാനം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അധികാരം ദുരുപയോഗം ചെയ്യരുതെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശമെന്ന് സി പി ജോൺ പറഞ്ഞു. പത്തനംതിട്ടയിൽ ഉണ്ടായത് അസാധാരണമായ പ്രളയമായിരുന്നുവെന്നും ഉദ്യോഗസ്ഥർ അധികാരം മോശമായി ഉപയോഗിച്ചുവെന്നും മന്ത്രി വിമർശിച്ചു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിലും സി പി ജോൺ നിലപാട് വ്യക്തമാക്കി. പി എം ശ്രീ കേന്ദ്ര സർക്കാരിന്റെ തെറ്റായ ആശയമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പദ്ധതി സംബന്ധിച്ച് ഒപ്പുവെച്ചത് നിലവിലെ സർക്കാരല്ലെന്നും മന്ത്രി പറഞ്ഞു. സബ് കമ്മിറ്റി റിപ്പോർട്ട് വരട്ടെയെന്നും മന്ത്രിമാർക്ക് മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വമുണ്ടെന്നും സി പി ജോൺ വ്യക്തമാക്കി. പി എം ശ്രീ പദ്ധതിയോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ടും സി പി ജോൺ പ്രതികരിച്ചു. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വന്ദേമാതരത്തിന്റെ ആദ്യത്തെ ചരണങ്ങൾ പാടിയാൽ മതിയെന്നാണ് സി എം പിയുടെ നിലപാട്. ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലത്തും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.



