ആന്‍റി സ്നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട…108ല്‍ വിളിച്ചാൽ മതി…

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും. പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്.
അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.



