ആലപ്പുഴയിൽ മധ്യവയസ്കൻ്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ…

ആലപ്പുഴ: ആലപ്പുഴ തണ്ണീർമുക്കത്തെ മധ്യവയസ്കൻ്റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. ഹൈസ്‌കൂൾ വിദ്യാർഥിനിയായ മകളെ ശല്യം ചെയ്തതിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവാണ് തണ്ണീർമുക്കം സ്വദേശി സന്തോഷിനെ കൊന്നതെന്ന് പോലീസ്. സന്തോഷിന്റെ സമീപവാസിയായ പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങി. മകളെ ശല്യം ചെയ്തു എന്ന പരാതിയുമായി പ്രതി പോലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയായിരുന്നു കൊലപാതകം. മകളെ ശല്യം ചെയ്തത് ചോദിക്കാനായി പ്രതി സന്തോഷിന്റെ വീട്ടിലെത്തി.
അവിടെവച്ച് ഉണ്ടായ വാക്കുതർക്കത്തിന് ഒടുവിൽ സന്തോഷിനെ മുളവടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൊല്ലാൻ ഉദ്ദേശിച്ചായിരുന്നില്ല മർദ്ദനം എന്ന് പ്രതി പോലീസിനോട് പറഞ്ഞു. സന്തോഷ് മരിച്ചത് അറിഞ്ഞ് ഒളിവിൽ പോയ പ്രതി ചേർത്തല പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.



