വി.ഡി സതീശൻ ബജറ്റിൽ ഉമ്മൻ ചാണ്ടിക്ക് സ്മാരകമില്ല…. പ്രതികരണവുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദം പുകയുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്മാരകം പ്രഖ്യാപിക്കുമെന്നാണ് അണികളും അദ്ദേഹത്തെ സ്നേഹിക്കുന്നവരും കരുതിയിരുന്നത്. എന്നാൽ ബജറ്റ് പുറത്തുവന്നപ്പോൾ സ്മാരക പ്രഖ്യാപനം ഉണ്ടാകാത്തതിൽ അണികൾക്കിടയിൽ വലിയ അമർഷമാണ് ഉയരുന്നത്.

വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൽ മുൻ മന്ത്രി കെ ആർ ഗൗരിയമ്മ, നടൻ സലിം കുമാർ, ഗായകൻ ഉമ്പായി എന്നിവരുടെ പേരിൽ സ്മാരകങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ജോൺസൺ മ്യൂസിക് അക്കാദമിയും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ പേരിൽ സാംസ്കാരിക കേന്ദ്രവും ബജറ്റിൽ ഇടംപിടിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാത്രമാണ് പ്രഖ്യാപിച്ചത്. ഈ ഇൻഷുറൻസ് പദ്ധതി തന്നെ തിരഞ്ഞെടുപ്പ് വേളയിൽ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗം മാത്രമാണെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടിയുടെ മകനും ജനപ്രതിനിധിയുമായ ചാണ്ടി ഉമ്മൻ രംഗത്തെത്തി. സർക്കാരിന്റെ തീരുമാനങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും എന്നാൽ ജനങ്ങൾക്ക് അത്തരം ആഗ്രഹങ്ങൾ ഉണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് സ്മാരകം പണിയുന്ന കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആവശ്യമായ പരിശോധനകൾ നടത്തുമെന്നാണ് തന്റെ വിശ്വാസമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. അതേസമയം, ഉമ്മൻ ചാണ്ടിയുടെ പേരിൽ സ്മാരകം പ്രഖ്യാപിക്കാത്തതിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ നിലപാടാണ് വ്യക്തമാകുന്നതെന്ന് സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുബാഷ് പി വർഗീസ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ആദ്യമായി സ്മാരകം പണിതത് മുൻപത്തെ പിണറായി സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുപ്പള്ളിയിൽ ഒരു മിനി സിവിൽ സ്റ്റേഷൻ വേണമെന്ന് തീരുമാനിച്ചപ്പോൾ അതിന് ഉമ്മൻ ചാണ്ടിയുടെ പേരിടാൻ അന്നത്തെ എൽഡിഎഫ് ഭരണസമിതിയാണ് തീരുമാനിച്ചത്. ഇതിനായി മുഖ്യമന്ത്രി ഇടപെട്ട് 50 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 75 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതിന്റെ പണി പൂർത്തിയാകാറായെന്നും ഇതിനു പുറമേ പുതുപ്പള്ളിയിലെ ഒരു പ്രധാന റോഡിനും അദ്ദേഹത്തിന്റെ പേര് നൽകിയത് എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button