ബെവ്കോയിൽ മദ്യത്തിന് കൈക്കൂലി… രണ്ട് ജീവനക്കാർക്ക്…

കൊല്ലം: കരുനാഗപ്പള്ളി ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയവരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അമൽദേവ്, സുധിൻ രാജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മൂന്ന് ലിറ്റർ മദ്യം വാങ്ങിയ വ്യക്തിയിൽ നിന്ന് ജീവനക്കാരൻ 50 രൂപ അധികമായി ചോദിച്ച് വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. മദ്യം വാങ്ങിയവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്.
അധിക പണം വാങ്ങിയത് കരുനാഗപ്പള്ളി ഔട്ട്ലെറ്റിലെ ജീവനക്കാരനായ അമൽദേവാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഷോപ്പിന്റെ ഇൻചാർജായിരുന്നു സുധിൻ രാജ്. അമൽദേവ് 50 രൂപ അധികമായി വാങ്ങിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പരാതി ഉയർന്നിട്ടും ഷോപ്പിന്റെ ഇൻചാർജായ സുധിൻ രാജ് അന്വേഷണം നടത്താൻ തയ്യാറായില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധിൻ രാജിനെതിരെയും നടപടി സ്വീകരിച്ചത്. ബെവ്കോ എം.ഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിർദേശപ്രകാരമാണ് ബെവ്കോ എം.ഡി നടപടി സ്വീകരിച്ചത്. ദൃശ്യങ്ങൾ സഹിതം പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷിച്ച് നടപടിയെടുക്കാൻ എക്സൈസ് മന്ത്രി നിർദേശം നൽകിയിരുന്നു. ബെവ്കോയുടെ ഇന്റേണൽ ഓഡിറ്റ് വിഭാഗം പരാതിയിൽ വിശദമായ അന്വേഷണം നടത്തും. അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും ഓഡിറ്റ് സംഘത്തിന് നിർദേശം നൽകിയിട്ടുണ്ട്.



