ആർഎസ്എസ് യൂണിഫോമിന് പിന്നാലെ അശ്ലീല ചിത്രവും… പാണക്കാട് ശിഹാബ് തങ്ങളെ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണങ്ങളിൽ…

മലപ്പുറം: മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിരപ്പളളി സ്വദേശി അഫ്‌നാസിനെതിരെയാണ് ചോമ്പാല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശിഹാബ് തങ്ങളുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചതിനാണ് നടപടി. ഒരു ലീഗ് പ്രവര്‍ത്തകന്‍ നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സമൂഹത്തില്‍ ലഹളയും മനഃപൂർവ്വം അസ്വസ്ഥതയും ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി വ്യാജ ചിത്രം പങ്കുവെച്ചതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ‘നമ്മള്‍ രാഷ്ട്രീയം പറയും’ എന്ന പേരിലുളള വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇയാള്‍ അശ്ലീലമായ രീതിയിൽ എഡിറ്റ് ചെയ്ത വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

രണ്ടുമാസം മുന്‍പും സമാനമായ രീതിയില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വ്യാജചിത്രം പ്രചരിപ്പിച്ച മറ്റൊരു സംഭവവും ഉണ്ടായിരുന്നു. തങ്ങളെ അവഹേളിക്കുന്ന തരത്തില്‍ അന്ന് ഫേസ്ബുക്കിലൂടെയായിരുന്നു വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ആ സംഭവത്തിൽ ഉറവകുഴി സ്വദേശി കെ.ഇ. നൗഷാദിനെതിരെയാണ് അന്ന് പോലീസ് കേസെടുത്തിരുന്നത്. ശിഹാബ് തങ്ങള്‍ ആര്‍എസ്എസ് യൂണിഫോമില്‍ നില്‍ക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത ചിത്രമായിരുന്നു അന്ന് പ്രതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സൈബർ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ലീഗ് പ്രവർത്തകരുടെ തീരുമാനം. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ചോമ്പാല പോലീസ് അറിയിച്ചു.

Related Articles

Back to top button