ജൂലൈ 1 മുതൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല… കൂട്ടത്തോടെ ജി-ഫോം നൽകി ഉടമകൾ

കെ.എസ്.ആർ.ടി.സി.യുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെത്തുടർന്ന് വയനാട് ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വരുമാനനഷ്ടം സഹിക്കാനാകാതെ 70 സ്വകാര്യ ബസുകൾകൂടി ശനിയാഴ്ച മോട്ടോർവാഹന വകുപ്പിന് ജി-ഫോം നൽകി. ഇതോടെ ജില്ലയിൽ സർവീസ് താൽക്കാലികമായി നിർത്താൻ ജി-ഫോം സമർപ്പിച്ച ബസുകളുടെ എണ്ണം 270 ആയി ഉയർന്നു.

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെച്ച് സൂചനാസമരം നടത്തും. ഇതിനോടനുബന്ധിച്ച് ബസ്സുടമകളും തൊഴിലാളികളും സംയുക്തമായി കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യാത്രക്കാർ കുത്തനെ കുറഞ്ഞതുകാരണം ഇന്ധനച്ചെലവ് പോലും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് വിവിധ റൂട്ടുകളിലെ ബസുകൾ ജി-ഫോം നൽകാൻ നിർബന്ധിതരായത്. പ്രതിദിനം 2000 രൂപ മുതൽ 5000 രൂപ വരെയാണ് നിലവിൽ ബസുകളുടെ നഷ്ടം. നിശ്ചിത കാലയളവിലേക്ക് ബസുകൾ നിരത്തിലിറക്കില്ലെന്ന് അധികൃതരെ അറിയിക്കുന്ന രേഖയാണ് ജി-ഫോം. ഇത് നൽകുന്നതോടെ ആ കാലയളവിലെ ഭാരമേറിയ റോഡ് നികുതി ഉടമകൾക്ക് ഒഴിവാക്കിക്കിട്ടും.

മൂന്നുമാസം മുൻപ് അടച്ച നികുതിയുടെ കാലാവധി ജൂൺ 30-ന് അവസാനിക്കുകയാണ്. ഒരുവർഷത്തെ കാലയളവിലേക്കാണ് ഇപ്പോൾ ബസുകൾ ജി-ഫോം നൽകിയിരിക്കുന്നത്. അതിനാൽ ജി-ഫോം നൽകിയ ഈ ബസുകളൊന്നും ജൂലായ് ഒന്നുമുതൽ സർവീസ് നടത്തില്ല. ജില്ലയിൽ ആകെ സർവീസ് നടത്തുന്ന 420 ബസുകളിൽ 400 എണ്ണവും ജി-ഫോം നൽകാൻ തീരുമാനിച്ചതായാണ് വിവരം. നിലവിൽ ഉൾപ്രദേശങ്ങളിലേക്ക് സർവീസ് നടത്തുന്ന ചുരുക്കം ബസുകൾക്ക് മാത്രമാണ് നേരിയ ആശ്വാസമുള്ളത്.

കെ.എസ്.ആർ.റ്റി.സി ബസുകൾ ജില്ലയിൽ സർവീസ് വർദ്ധിപ്പിച്ചത് സ്വകാര്യ ബസുകളെ കൂടുതൽ തളർത്തിയെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. നിലവിലെ അനിശ്ചിതത്വം പരിഹരിക്കാൻ മൂന്ന് നിർദേശങ്ങളാണ് ഇവർ മുന്നോട്ട് വെക്കുന്നത് ബസുകൾ ഓടിക്കുന്നതിന് കിലോമീറ്ററിന് 55 രൂപ വീതം സർക്കാർ സബ്‌സിഡിയായി നൽകുക. സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്സിഡി ഏർപ്പെടുത്തുക. സ്വകാര്യ ബസുകളെക്കൂടി പ്രിയദർശിനി പദ്ധതിയുടെ ഭാഗമാക്കി സർക്കാർ ഏറ്റെടുക്കുക.

ഇതിനുപുറമേ, നിലവിലെ പൂർണ്ണ സൗജന്യയാത്ര വിദ്യാർഥികൾ, വയോജനങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ എന്നിവർക്ക് മാത്രമായി ചുരുക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു. വാർത്താസമ്മേളനത്തിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. പൗലോസ്, ജില്ലാ പ്രസിഡന്റ് ആർ. സദാശിവൻ, സെക്രട്ടറി എൽദോ മാത്യു, സി.എ. ഐപ്, ടി. അബ്ദുൾകരിം എന്നിവർ പങ്കെടുത്തു. തിങ്കളാഴ്ചത്തെ സൂചനാ സമരത്തിന് ശേഷവും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

Related Articles

Back to top button