വള്ളംകളിക്ക് ഒരാഴ്ച മാത്രം… നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രധാന വേദികൾ…

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇനി ഒരാഴ്ച മാത്രം. എന്നാൽ പ്രധാന വേദികളും വേദികളിലേക്കുള്ള റോഡുകളും ഇപ്പോഴും ശോചനീയാവസ്ഥയിൽ. കഴിഞ്ഞ വള്ളംകളിക്ക് പിന്നാലെ നെഹ്‌റു, റോസ് പവലിയനുകൾ അറ്റകുറ്റപ്പണി നടത്തുമെന്ന ജില്ലാ ഭരണകൂടത്തിന്റെ വാഗ്ദാനം നടപ്പായില്ല. ഇത്തവണയും തകർന്ന പവലിയനുകളിൽ പണം നൽകി വള്ളംകളി കാണേണ്ട അവസ്ഥയിലാണ് കാണികൾ. വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങും വി.ഐ.പി, വി.വി.ഐ.പി അതിഥികളുടെ ഇരിപ്പിടവും ഉൾപ്പെടുന്ന ഫിനിഷിങ് പോയിന്റിലെ നെഹ്‌റു പവലിയനിലാണ്.

ദേശീയപ്രാധാന്യമുള്ള വള്ളംകളിക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കുമ്പോഴും ഇവിടെ കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. പവലിയൻ കാടുകയറിയ നിലയിലാണ്. മേൽക്കൂരയും തകർന്നിട്ടുണ്ട്. മറുകരയിലെ ഫിനിഷിങ് പോയിന്റിലുള്ള റോസ് പവലിയന്റെയും സ്ഥിതി വ്യത്യസ്തമല്ല. പവലിയനിലേക്കുള്ള നടപ്പാത പൂർണമായും തകർന്ന നിലയിലാണ്. കൈവരികളില്ല. മേൽക്കൂരയിലെ ഷീറ്റുകൾ കീറിയ നിലയിലും ഇരിപ്പിടങ്ങളിലെ ടൈലുകൾ തകർന്ന നിലയിലുമാണ്. ഗാലറിയിലും കാട് കയറിയിട്ടുണ്ട്. വള്ളംകളിയുടെ നടത്തിപ്പിന്റെ ചുമതലയുള്ള എൻ.ടി.ബി.ആർ സൊസൈറ്റി വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. ജില്ലാ കളക്ടറാണ് സൊസൈറ്റിയുടെ ചെയർമാൻ. അതേസമയം, പവലിയനുകളുടെയും മറ്റ് ഒരുക്കങ്ങളുടെയും ജോലികൾ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ജില്ലാ ഭരണകൂടം വിശദീകരിച്ചു.

Related Articles

Back to top button