എല്ലാ സ്റ്റേറ്റ് ബാർ കൗൺസിലുകളിലേക്കും രണ്ട് വനിതാ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ സുപ്രീംകോടതി ഉത്തരവ്

രാജ്യത്തെ സ്റ്റേറ്റ് ബാർ കൗൺസിലുകൾ പുരുഷന്മാരുടെ മാത്രം ഇടമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഈ പ്രവണത മാറ്റിയെടുക്കണമെന്നും സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്.

എല്ലാ സ്റ്റേറ്റ് ബാർ കൗൺസിലുകളിലേക്കും രണ്ട് വനിതാ അംഗങ്ങളെ വീതം ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്ക് കോടതി നിർദ്ദേശം നൽകി. രണ്ടുവനിതകളിൽ ഒരാൾ മുൻ ഹൈക്കോടതി ജഡ്ജിയും മറ്റൊരാൾ മുതിർന്ന അഭിഭാഷകയുമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി യാതൊരു ബന്ധവുമില്ലാത്തവരെയാകണം നാമനിർദേശം ചെയ്യേണ്ടതെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ബാർ കൗൺസിലുകളിൽ വനിതകൾക്ക് മുപ്പത് ശതമാനം പ്രാതിനിധ്യം ഉറപ്പാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിൽ 20 ശതമാനം നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെയും ബാക്കി പത്ത് ശതമാനം നാമനിർദ്ദേശത്തിലൂടെയുമാണ്. ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട വനിതകളെയും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ബാർ കൗൺസിൽ ഓഫ് ഇന്ത്യയിലേക്കും സംസ്ഥാന ബാർ കൗൺസിലുകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനുമായി കോടതി ഉന്നതാധികാര മേൽനോട്ട സമിതി രൂപീകരിച്ചു.

Related Articles

Back to top button