38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി ഒരു ദിവസം കൂടി

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ചാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പട്ടികയിൽ പേര് ചേർക്കാം. അതിന് ഓൺലൈനായി www.sec.kerala.gov.in വെബ്‌സൈറ്റിൽ അപേക്ഷിക്കാം. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
ജൂലൈ 21ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ ആകെ 3,06,947 വോട്ടർമാരാണുള്ളത്. ഇതിൽ 1,57,616 സ്ത്രീകളും 1,49,327 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്. 38 വാർഡുകൾക്കായി 385 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. കരട് പട്ടിക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും താലൂക്ക് വില്ലേജ് ഓഫീസുകളിലും കമ്മീഷൻ വെബ്‌സൈറ്റിലും പരിശോധിക്കാം.
കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.



