മോൻ പോയി, ഇനി ആർക്കും സംഭവിക്കരുത്…. ജുനൈദിന്റെ മരണത്തിൽ…

മലപ്പുറം: തിരൂരങ്ങാടിയിൽ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ വയറിൽ നിന്ന് ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. നേരത്തെ തന്നെ അപകടാവസ്ഥ സംബന്ധിച്ച് പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അനാസ്ഥയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്നാണ് മരിച്ച ജുനൈദിന്റെ കുടുംബത്തിന്റെ ആവശ്യം.
സാധാരണ കളിക്കാൻ പോകുന്നതുപോലെയാണ് മകൻ വീട്ടിൽ നിന്നിറങ്ങിയതെന്ന് കുടുംബം പറയുന്നു. ‘മോൻ പോയി, ഇനി മറ്റാർക്കും ഇങ്ങനെ സംഭവിക്കരുത്’ എന്ന വേദനയോടെയാണ് കുടുംബത്തിന്റെ പ്രതികരണം. നേരത്തെയും പ്രദേശത്ത് സമാനമായ അനാസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അപകടം ആവർത്തിക്കാതിരിക്കാൻ ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, സംഭവത്തിൽ വിശദമായ അന്വേഷണത്തിന് കെഎസ്ഇബി ഒരുങ്ങുകയാണ്. ജില്ലാ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തും. പ്രദേശത്തെ വൈദ്യുതി ലൈനുകൾ അപകടാവസ്ഥയിലാണെന്ന് നേരത്തെ അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. അപകടസാധ്യത നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ കെ. ബിജുവിന്റെ വിശദീകരണം.
ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതുമറിക്കുന്നതിനിടെ സ്റ്റേ വയർ ഇളകിപ്പോയതാകാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കെഎസ്ഇബി കുട്ടിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണത്തിലൂടെ ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി കെഎസ്ഇബി വെന്നിയൂർ സെക്ഷൻ ഓഫീസിലേക്ക് ഡിവൈഎഫ്ഐയും യൂത്ത് ലീഗും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.



