മാവൂർ റോഡ് കൊലക്കേസ്… മൂന്നാം പ്രതിയും പിടിയിൽ

കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി. വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രി വയനാട്ടിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവത്തിന് പിന്നിൽ പണമിടപാട് തർക്കമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. കേസിൽ നേരത്തെ കൊല്ലം കരുനാഗപ്പള്ളി സ്വദേശി എൻ. നജീബ് (31), പങ്കാളി നൗഷിദ (28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ച രാത്രി 8.47-നാണ് മാവൂർ റോഡിൽ ആക്രമണം നടന്നത്. ബേപ്പൂർ നടുവട്ടം സ്വദേശി ആദിൽ റോഷൻ (39) കുത്തേറ്റാണ് മരിച്ചത്. നജീബിന്റെ നിർദേശപ്രകാരമാണ് വീട്ടിൽ നിന്ന് കത്തി കൊണ്ടുവന്നതെന്ന് നൗഷിദ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. നജീബിൽ നിന്ന് ആദിൽ 10,000 രൂപ കടം വാങ്ങിയതിൽ 5,000 രൂപ തിരികെ നൽകാനുണ്ടായിരുന്നതും, നജീബിന്റെ ഭാര്യയോട് മോശമായി സംസാരിച്ചെന്ന ആരോപണവും ചേർന്നാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
