റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു… സർക്കാരിനെതിരെ പ്രതിപക്ഷനേതാവ്..

തിരുവനന്തപുരം: റാന്നിയിൽ മതിയായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടത് ഉൾപ്പെടെയുള്ള മഴക്കെടുതി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് പിണറായി വിജയൻ സംസ്ഥാന സർക്കാരിനെ വിമർശിച്ചു. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും ജനങ്ങളുടെ ദുരിതം വർധിപ്പിച്ചെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ പോലും സമയം ലഭിച്ചില്ലെന്നും, ഇതേ തുടർന്ന് അവർ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങളിലും വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടിയ പ്രതിപക്ഷനേതാവ്, ഭക്ഷണവിതരണത്തിൽ പിഴവുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ച സാഹചര്യമാണ് ഉണ്ടായതെന്നും പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേർ കഴിയുന്നതായും, 8 പേർ മരിക്കുകയും 8 പേരെ കാണാതാകുകയും ചെയ്തിരിക്കുന്നത് അതീവ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തബാധിതർക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ സമയബന്ധിതമായി ഉറപ്പാക്കണമെന്നും, സംഭവിച്ച വീഴ്ചകൾ പരിശോധിച്ച് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കണമെന്നും, ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

Back to top button