ആയിരം കോടിയുടെ വിപിവിവി തട്ടിപ്പ്… പരാതികളുടെ വിവരങ്ങൾ തേടി…

കൊച്ചി: ആയിരം കോടി രൂപയുടെ വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ഇഡി തേടിയിട്ടുണ്ട്. ഇതിന് പുറമെ പരാതിക്കാരുമായി അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജ്, വർക്കല, കല്ലമ്പലം, കൊല്ലം കിളികൊല്ലൂർ, എറണാകുളം ചെങ്ങമനാട്, പാലാരിവട്ടം, കളമശേരി പൊലീസ് സ്റ്റേഷനുകളിൽ വിപിവിവിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. തട്ടിപ്പിലൂടെ നഷ്ടമായ പണത്തിന്റെ കണക്കുകളും നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാക്കാനും പരാതിക്കാരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനിടെ, കിളികൊല്ലൂർ സ്വദേശിയായ പരാതിക്കാരൻ തനിക്ക് നഷ്ടമായ 65 ലക്ഷം രൂപയുടെ തെളിവുകൾ ഇന്ന് ഇഡി ഉദ്യോഗസ്ഥർക്ക് കൈമാറിയേക്കും. കൂടുതൽ പരാതികളുടെയും നഷ്ടപ്പെട്ട തുകയുടെയും വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും അന്വേഷണത്തിന്റെ തുടർനടപടികൾ.



