UPI ചാർജ് തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം… ഒക്ടോബർ 15 മുതൽ…

ഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള നിശ്ചിത യുപിഐ വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ. ഒക്ടോബർ 15 മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും. 2,000 രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ Person-to-Merchant (P2M) ഇടപാടുകൾക്ക് 0.4% MDR ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ തുക ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
MDR വ്യാപാരി പേയ്മെന്റ് സംവിധാനത്തിലെ ചാർജാണ്. 2,000 രൂപ വരെയുള്ള ഇടപാടുകളും Person-to-Person (P2P) ഇടപാടുകളും സൗജന്യമായി തുടരും. ഏകദേശം 96 ശതമാനം P2M ഇടപാടുകളെയും പുതിയ MDR ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 2,000 രൂപയ്ക്ക് മുകളിലുള്ള സാധാരണ P2M ഇടപാടുകൾക്ക് 0.4% MDR ബാധകമാകും. 75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഇടപാടുകളിൽ MDR പരമാവധി 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷിക ഇൻപുട്ടുകൾ തുടങ്ങിയ മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപയുടെ ഫ്ലാറ്റ് MDR ആണ് നിശ്ചയിച്ചിരിക്കുന്നത്. പ്രതിവർഷം വലിയ തോതിൽ ഇടപാടുകൾ നടക്കുന്ന സാഹചര്യത്തിൽ UPI സംവിധാനത്തിന്റെ അടിസ്ഥാനസൗകര്യം, സൈബർ സുരക്ഷ, പ്രവർത്തനച്ചെലവ് എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് പുതിയ ഫീസ് ഘടനയെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. MDR വഴി ലഭിക്കുന്ന തുക ബാങ്കുകൾ, പേയ്മെന്റ് സർവീസ് ദാതാക്കൾ, UPI ആപ്പ് സേവനദാതാക്കൾ തുടങ്ങിയ പേയ്മെന്റ് സംവിധാനത്തിലെ പങ്കാളികൾക്കിടയിലാണ് പങ്കിടുക.
അതേസമയം, പുതിയ MDR സംവിധാനത്തിനെതിരെ വ്യാപാരി സംഘടനകളിൽനിന്നും സാമ്പത്തിക മേഖലയിലെ വിവിധ വിഭാഗങ്ങളിൽനിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. അധിക ചെലവ് ചെറുകിട വ്യാപാരികളെ ബാധിക്കുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. പുതിയ തീരുമാനത്തിന് പിന്നിൽ വിദേശ സമ്മർദമുണ്ടെന്ന പ്രതിപക്ഷ ആരോപണവും കേന്ദ്രം നിഷേധിച്ചിട്ടുണ്ട്. UPI സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര നയപ്രക്രിയയുടെ ഭാഗമായാണ് എടുത്തതെന്നാണ് സർക്കാർ നിലപാട്. ഇതിനിടെ, വരുമാനനഷ്ടം ചൂണ്ടിക്കാട്ടി പെട്രോൾ പമ്പുകളെ MDR പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഡീലർമാരുടെ അസോസിയേഷൻ ധനമന്ത്രാലയത്തിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.



