ആരെയും ഉപദ്രവിക്കാനോ സഹായിക്കാനോ അല്ല… ആന്റോ അഗസ്റ്റിന്റെ അറസ്റ്റിൽ മന്ത്രി

തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ചാനൽ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു. ആന്റോ അഗസ്റ്റിനെതിരെ സ്വീകരിച്ചത് നിയമാനുസൃത നടപടികളാണെന്ന് മന്ത്രി പറഞ്ഞു. ആരെയും ഉപദ്രവിക്കാനോ പ്രത്യേകമായി സഹായിക്കാനോ അല്ല എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോയെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എക്സൈസ് വകുപ്പ് കുറ്റകൃത്യമായി നിർവചിച്ചിട്ടുള്ള കാര്യങ്ങൾ നടന്നതിനാലാണ് വകുപ്പിന് ഇടപെടേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രി പറഞ്ഞു. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ലെന്നും നിയമാനുസൃതമായി ചെയ്യേണ്ട കാര്യങ്ങൾ വകുപ്പ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. വകുപ്പ് മന്ത്രിയുടെ ഉത്തരവാദിത്തം നയരൂപീകരണമാണെന്നും തെറ്റുകൾ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്നാൽ മാത്രമാണ് അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യമുണ്ടാകുകയെന്നും എം. ലിജു പറഞ്ഞു. അല്ലാതെ അന്വേഷണ നടപടികളിൽ ഇടപെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് വകുപ്പിനോ വകുപ്പ് മന്ത്രി എന്ന നിലയിൽ തനിക്കോ സർക്കാരിനോ വ്യക്തിപരമായി ആരോടും വൈരാഗ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ മാസം 23 മുതൽ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 28ാം തീയതി വരെയാണ് ചർച്ചകൾ നടക്കുക.



