വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയപ്പോള്‍ വിഷപ്പാമ്പുകളും ഇതോടൊപ്പം കയറിക്കൂടിയിട്ടുണ്ട്. റാന്നി മാര്‍ത്തോമ്മാ സഭയുടെ അരമനയില്‍ നിന്നും കഴിഞ്ഞ രാത്രി  മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ പലയിടത്തും വിഷപ്പാമ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. റബ്ബര്‍ തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കയറിയ വെള്ളത്തില്‍ നിരവധി പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്.

തിരുവല്ല അപ്പര്‍ കുട്ടനാടന്‍ ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം ഇറങ്ങി കഴിഞ്ഞാലും ഈ ഭാഗങ്ങളില്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യം ജനങ്ങളുടെ ജീവന് ഭീഷണിയാകും. വെള്ളപ്പൊക്കത്തില്‍ ജില്ലയില്‍ അടിഞ്ഞുകൂടിയ മാലിന്യത്തിലും വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. പാമ്പുകള്‍ മാത്രമല്ല എലികള്‍ അടക്കമുള്ള പല ജീവികളുടെയും ശല്യം വെള്ളം ഉയര്‍ന്ന സ്ഥലങ്ങളിലുണ്ട്. ജില്ലയില്‍ പലയിടത്തും വെള്ളം ഇറങ്ങി പൂര്‍വ്വ സ്ഥിതിയിലായാലും ഇഴജന്തുക്കളുടെ ഭീഷണിയില്‍ നിന്നും നാട് കരകയറുവാന്‍ ഇനിയും ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും.

Related Articles

Back to top button