ശബരിമല നെയ്യ് വിവാദത്തിൽ നിർണായക നീക്കം

ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണായക ഇടപെടലുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രി ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്നാണ് സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്.

ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള എല്ലാ വശങ്ങളും പരിശോധിക്കാൻ ദേവസ്വം വിജിലൻസിന് ചുമതല നൽകി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ അന്വേഷണത്തിന് നേതൃത്വം നൽകും. ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ദേവസ്വം മന്ത്രിയുടെ നിർദേശം.

അതേസമയം, ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മിൽമ ചെയർമാൻ കെ.എസ്. മണി രംഗത്തെത്തി. മിൽമ നൽകിയ നെയ്യിൽ യാതൊരുവിധ കൃത്രിമവും നടന്നിട്ടില്ലെന്നും, മാധ്യമങ്ങളിൽ വന്ന വാർത്തകൾ പ്രശസ്തമായ മിൽമ ബ്രാൻഡിന് കനത്ത തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.

മിൽമയുടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ മുൻ മന്ത്രിമാർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും കത്തുകൾ നൽകിയതിന്റെ തുടർച്ചയായാണ് ബോർഡുമായി കരാറിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പത്തനംതിട്ട മേഖലയിൽനിന്നാണ് ശബരിമലയിലേക്കുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്തത്. വിതരണംചെയ്ത നെയ്യിന്റെ ഗുണനിലവാരത്തിൽ വീഴ്ച സംഭവിച്ചതായി ദേവസ്വം ബോർഡോ മന്ത്രിയോ മിൽമയെ അറിയിച്ചിട്ടില്ലെന്നും മിൽമ നെയ്യ് വേണ്ടെന്ന രീതിയിലുള്ള ഉത്തരവുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ചെയർമാൻ അറിയിച്ചു.

ഗുണനിലവാരം മോശമായിരുന്നു എങ്കിൽ തിരുവനന്തപുരത്തെയോ പത്തനംതിട്ടയിലെയോ മിൽമ യൂണിറ്റുകളെ അറിയിക്കേണ്ടതായിരുന്നു. എന്നാൽ, അത്തരത്തിലുള്ള യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റേറ്റ് ലാബിലും പമ്പയിലും രണ്ട് തവണവീതം ഗുണനിലവാര പരിശോധനകൾ നടത്തിയ ശേഷമാണ് നെയ്യ് വിതരണത്തിനായി കൊണ്ടുപോകുന്നത്. ആറ് തവണയെങ്കിലും ഗുണനിലവാരമില്ലാത്ത നെയ്യ് എത്തിയതായി പറയപ്പെടുന്നുണ്ടെങ്കിലും ഒരുതവണ പോലും മിൽമയെ ഇക്കാര്യം അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

നിലവിലെ വിവാദങ്ങളിൽ നടക്കുന്ന അന്വേഷണവുമായി മിൽമ പൂർണമായി സഹകരിക്കുമെന്നും അന്വേഷണത്തിൽ മിൽമയുമായി ബന്ധപ്പെട്ട ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.

Related Articles

Back to top button