‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’…. പോലീസ് മേധാവിക്ക് പരാതി നൽകി…

കൊല്ലം: ചവറ ഗുഹാനന്ദപുരം സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐയുടെ പേരിലുള്ള ബാനർ വിവാദത്തിൽ. യു.പി വിഭാഗം വിദ്യാർഥികൾ ‘നീ പോടാ പൂക്കി മോനേ, ഇനിയും വേണോ വിസ്മയം’ എന്നെഴുതിയ ബാനർ പിടിച്ചുനിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ഉയർന്നത്. ബാനറുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ കെഎസ്യു പോലീസിൽ പരാതി നൽകി.
കുട്ടികളെ ഉപയോഗിച്ച് ഇത്തരമൊരു ബാനർ പ്രദർശിപ്പിച്ചതിനെതിരെയാണ് കെഎസ്യുവിന്റെ പരാതി. സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, ബാനറിലെ ‘പൂക്കി’ എന്ന പ്രയോഗത്തെ ന്യായീകരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം രംഗത്തെത്തി. ജെൻ-സെഡ് കാലത്ത് ‘പൂക്കി’ എന്ന വാക്ക് പോസിറ്റീവായും ക്യൂട്ട്നെസ് എന്ന അർഥത്തിലും ഉപയോഗിക്കുന്നതാണെന്നും, അതിനെ മോശം വാക്കായി കാണേണ്ടതില്ലെന്നുമാണ് ചിന്താ ജെറോമിന്റെ പ്രതികരണം. സ്കൂൾ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായുള്ള വിദ്യാർഥികളുടെ പ്രതികരണമായാണ് ബാനറിനെ കാണുന്നതെന്നും അവർ പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. സഞ്ജീവും ബാനറിനെ ന്യായീകരിച്ചു. മുൻപ് കെഎസ്യു ഉയർത്തിയ ‘ശൈ ലജ്ജേ’, ‘വിജയാ തീർന്നു’ തുടങ്ങിയ ബാനറുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജീവിന്റെ പ്രതികരണം. ബാനറിലെ പ്രയോഗം ആരെയെങ്കിലും ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കുട്ടികളെക്കൊണ്ട് രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന തരത്തിലുള്ള ബാനർ പിടിപ്പിച്ചതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്. വിഷയത്തിൽ സമൂഹമാധ്യമങ്ങളിലും വ്യാപകമായ ചർച്ച തുടരുകയാണ്.



