കനത്ത മഴയിൽ മണ്ണിടിച്ചിൽ… വട്ടവടയിൽ മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക്…

വട്ടവട: ഇടുക്കി വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. ബാലചന്ദ്രനും സഹോദരി ചിന്നമ്മയുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു.
മൂന്നുപേരും കൃഷിഭൂമിയിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടർന്ന് ഷെഡ്ഡിലേക്ക് മാറിയതിന് പിന്നാലെയാണ് മണ്ണിടിഞ്ഞ് ഷെഡ്ഡിന് മുകളിലേക്ക് വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഏറെ പണിപ്പെട്ട് ഇവരെ പുറത്തെടുത്തത്. പ്രദേശത്ത് ഉച്ചമുതൽ ശക്തമായ മഴയുണ്ടായിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതായി മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. നീലക്കുറിഞ്ഞി പൂത്തതും ഗണേശോത്സവവും കാരണം വട്ടവടയിലേക്കുള്ള റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഗതാഗതം നിയന്ത്രിക്കാൻ പോലീസിന് നിർദേശം നൽകിയതായി ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് പറഞ്ഞു. വിദൂര പ്രദേശങ്ങളിലെ റോഡ് ശൃംഖല, ആശയവിനിമയ സംവിധാനം, ചികിത്സാ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും കളക്ടർ അറിയിച്ചു.



