PSC പരീക്ഷാക്രമക്കേട് അന്വേഷണം.. ഹർജിയിൽ തീരുമാനമാകട്ടെ… ചോദ്യംചെയ്യലിന് ഹാജരാകില്ലെന്ന്….

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ടാമതും ചോദ്യംചെയ്യലിന് ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്റെ നോട്ടിസ് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു തള്ളി. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിൽ തീരുമാനമാകുന്നതുവരെ ചോദ്യംചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും ചെയർമാൻ അന്വേഷണസംഘത്തെ രേഖാമൂലം അറിയിച്ചു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനായിരുന്നു ചെയർമാനോട് ആവശ്യപ്പെട്ടിരുന്നത്.

എന്നാൽ, ഹൈക്കോടതിയിലെ ഹർജിയിൽ തീരുമാനമുണ്ടാകുന്നതുവരെ ചോദ്യംചെയ്യലിന് എത്തില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇക്കാര്യത്തിൽ നിയമോപദേശം തേടിയശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ വേഗക്കുറവിനെ കഴിഞ്ഞമാസം ഹർജി പരിഗണിക്കവെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ചെയർമാനും അംഗങ്ങളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ മൊഴി നൽകാനും രേഖകൾ ഹാജരാക്കാനും പിഎസ്‌സിയോട് കോടതി വാക്കാൽ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചെയർമാനെയും അംഗങ്ങളെയും വീണ്ടും ചോദ്യംചെയ്യാനുള്ള നടപടികൾ അന്വേഷണസംഘം വേഗത്തിലാക്കിയത്. ചെയർമാൻ, സെക്രട്ടറി, നാല് അംഗങ്ങൾ എന്നിവരെ അന്വേഷണസംഘം കഴിഞ്ഞമാസം ചോദ്യംചെയ്തിരുന്നു.

അന്ന് ഹൈക്കോടതിയിലെ ഹർജിയുടെ പേരിൽ ആരും ചോദ്യംചെയ്യലിൽ നിന്ന് ഒഴിവ് തേടിയിരുന്നില്ല. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാക്രമക്കേടിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പിഎസ്‌സി ഉദ്യോഗസ്ഥരെ അടുത്തിടെ ചോദ്യംചെയ്തപ്പോൾ കേസിൽ ചെയർമാൻ എം.ആർ. ബൈജുവിന്റെ പങ്കിനെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) വിവരം ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയർമാനെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.

Related Articles

Back to top button