നീറ്റ് ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ…

രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ അടിയന്തരമായി രാജി വെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തങ്ങളുടെ ഭാവിക്കായി ശബ്ദമുയർത്തുന്ന വിദ്യാർഥികളെ കേന്ദ്രമന്ത്രി ‘തീവ്രവാദം’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണെന്ന് ഖാർഗെ ആരോപിച്ചു. രാജ്യത്ത് ഇതുവരെ തൊണ്ണൂറോളം ചോദ്യപ്പേപ്പറുകൾ ചോർന്നതായും കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി ഇതോടെ തകർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ് പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ മനംനൊന്ത് രാജ്യത്ത് ഇതുവരെ 20 വിദ്യാർഥികൾ ജീവനൊടുക്കിയതായി ഖാർഗെ പറഞ്ഞു. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഞായറാഴ്ച നീറ്റ് പുനഃപരീക്ഷ നടന്നതിന് പിന്നാലെ ഉത്തർപ്രദേശിലെ ജലൗൺ സ്വദേശിനിയായ ചഞ്ചൽ ഭാരതി (19) എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതാണ് ഒടുവിലത്തെ സംഭവം. പരീക്ഷ എഴുതിയതിന് ശേഷം ചഞ്ചൽ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. പെൺകുട്ടിയുടെ മുറിയിൽ നിന്നും നീറ്റ് ചോദ്യപേപ്പറും അതിനോടൊപ്പം ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായാണ് വിവരങ്ങൾ.
അതേസമയം, വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന ഈ പ്രതിഷേധത്തെ അടച്ചാക്ഷേപിച്ച് വിദ്യാഭ്യാസ മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നതെന്നും ഒരു വിദ്യാർഥി പോലും ഈ സമരത്തിൽ പങ്കെടുക്കുന്നില്ലെന്നുമാണ് മന്ത്രി ആരോപിച്ചത്. ഇതിനിടെ, രാജ്യത്ത് നടന്ന നീറ്റ് പുനഃ പരീക്ഷ എഴുതിയ പരീക്ഷാർത്ഥികളുടെ ആകെ കണക്ക് സംബന്ധിച്ച് ഇപ്പോഴും വലിയ അവ്യക്തത തുടരുകയാണ്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും എത്രപേർ പരീക്ഷയിൽ പങ്കെടുത്തു എന്നതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) തയ്യാറായിട്ടില്ല. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ കൂടുതൽ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്.




