കശുവണ്ടി അഴിമതിക്കേസ്… ചന്ദ്രശേഖരനും കെ.എ. രതീഷും ഹൈക്കോടതിയിൽ

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ അപ്പീലുമായി പ്രതികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും കെ.എ. രതീഷുമാണ് അപ്പീൽ നൽകിയത്. കേസുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. അപ്പീലിൽ തീർപ്പാകുന്നതുവരെ സിബിഐ നടപടികൾ സ്റ്റേ ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്നാണ് ആർ. ചന്ദ്രശേഖരന്റെ പ്രധാന ആക്ഷേപം.

പ്രോസിക്യൂഷൻ അനുമതി ചോദ്യം ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്നും ചന്ദ്രശേഖരൻ ആരോപിക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവുകൾ റദ്ദാക്കണമെന്നും സിബിഐ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് തടയണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. അപ്പീൽ തീർപ്പാകുന്നതുവരെ കേസിലെ സിബിഐ നടപടികൾ സ്റ്റേ ചെയ്യണമെന്നും പ്രതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഹൈക്കോടതിയുടെ പരാമർശത്തിന് പിന്നാലെയാണ് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ ഒന്നാം പ്രതിയായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു രാജി. ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്തിന് പുറമെ റൂട്രോണിക്‌സ് എംഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ എന്നീ ചുമതലകളും രതീഷ് ഒഴിഞ്ഞിരുന്നു. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ നടപടി നേരിടുന്ന രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിനെ ഹൈക്കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു.

അഴിമതിക്കേസിൽ സർക്കാർ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഉദ്യോഗസ്ഥൻ മൂന്ന് സുപ്രധാന തസ്തികകളിൽ തുടരുന്നതിനെതിരെയായിരുന്നു കോടതിയുടെ പരാമർശം. വിമർശനങ്ങൾക്ക് പിന്നാലെയാണ് സിബിഐ കേസിൽ ആർ. ചന്ദ്രശേഖരനെയും കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയത്. നേരത്തെ ഇടത് സർക്കാർ മൂന്ന് തവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിന് പിന്നാലെ കേസിൽ സിബിഐ നടപടികൾ തുടരുന്നതിനിടെയാണ് പ്രതികൾ ഇപ്പോൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

Related Articles

Back to top button