യൂണിഫോമിനുള്ള 7 ലക്ഷം ‘ഓൺലൈൻ ചീട്ടിൽ’… പൊലീസുകാരനെതിരെ…

തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോമിനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്ണയ്ക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായിരുന്ന ശംഭു, പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും യൂണിഫോം തുന്നുന്നതിനുമായി പണം ശേഖരിച്ചെന്നാണ് എഫ്ഐആറിലെ വിവരം. എസ്എപി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ റിക്രൂട്ട് ട്രെയിനികളിൽ നിന്നാണ് പണം വാങ്ങിയത്.

എസ്എപിയിലെ ഡ്രൈ കാന്റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് ട്രെയിനികളിൽ നിന്ന് പണം ശേഖരിച്ചത്. എന്നാൽ, യൂണിഫോം കമ്മിറ്റിയുടെ ആവശ്യത്തിനായി പണം ഉപയോഗിക്കാതെ പ്രതിയുടെ സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്നാണ് ആരോപണം. 2026 ജൂലൈ 3 മുതൽ 13 വരെ നിരവധി പൊലീസ് റിക്രൂട്ട് ട്രെയിനികൾ ശംഭുവിന്റെ ഫോൺ നമ്പറിലേക്ക് പണം ട്രാൻസ്ഫർ ചെയ്തിരുന്നു. ആകെ ഏഴ് ലക്ഷം രൂപയോളം ഇത്തരത്തിൽ കൈമാറിയെന്നാണ് വിവരം. ഈ പണം പ്രതി ഓൺലൈനായി ചീട്ട് കളിച്ച് നഷ്ടപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button