എംജി സർവകലാശാല ക്യാമ്പസിൽ മാധ്യമ വിലക്കില്ല; അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രവേശിക്കാൻ മുൻകൂർ അനുമതി നിർബന്ധം

എംജി സർവകലാശാലാ ക്യാമ്പസിൽ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിശദീകരണവുമായി വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത് രംഗത്ത്. മാധ്യമങ്ങൾക്ക് ക്യാമ്പസിൽ പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്കും സിൻഡിക്കേറ്റ് ഹാളിലേക്കും പ്രവേശിക്കാൻ മുൻകൂട്ടി അനുമതി വാങ്ങണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അംഗീകൃതം അല്ലാത്ത വ്യക്തികൾ സിൻഡിക്കേറ്റ് ഹാളിൽ വച്ച് പ്രതികരണം നൽകിയതാണ് നിയന്ത്രണങ്ങളിലേക്ക് കടക്കാൻ കാരണമെന്നും വിസി വിശദീകരിച്ചു.
എംജി യൂണിവേഴ്സിറ്റി മാധ്യമ സ്വതന്ത്രത്തെ ബഹുമാനത്തോടെയാണ് കാണുന്നത്. മാധ്യമങ്ങളെ എഡി ബ്ലോക്കിലേക്ക് ക്ഷണിക്കുന്നതിൽ ചട്ടങ്ങൾക്കനുസരിച്ച് അനുമതി നൽകാൻ പബ്ലിക്ക് റിലേഷൻസ് ഓഫീസിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾക്ക് ക്യാമ്പസിലേക്ക് ഏത് സമയവും എത്താമെന്നും എല്ലാവരും സർവകലാശാലയോട് സഹകരിക്കുമെന്നാണ് പ്രതിക്ഷ എന്നും വിസി പറഞ്ഞു. കാറിൽ യാത്ര ചെയ്യുന്നതിനിടയാണ് വി സി വിശദീകരണ വീഡിയോ ചിത്രീകരിച്ചത്. ഇതിനെതിരെ വിമർശനവുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. വിസിയുടെ വീഡിയോ ചിത്രീകരണം പദവിക്ക് ചേരാത്തതെന്നാണ് സിൻഡിക്കേറ്റിന്റെ നിലപാട്. അനധികൃത വ്യക്തികൾ ആരെന്ന് വിസി വിശദീകരിക്കണമെന്നും സിൻഡിക്കേറ്റ് പറഞ്ഞു.



