600ലേറെ സിനിമകളിൽ നിറസാന്നിധ്യം.. നടൻ ഗിരി ബാബു അന്തരിച്ചു

തെലുങ്ക് സിനിമയിൽ അഞ്ച് പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന മുതിർന്ന നടൻ ഗിരി ബാബു (80) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ഹൈദരാബാദിലെ കൊണ്ടാപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നടൻ ചിരഞ്ജീവി, സംവിധായകൻ അനിൽ രവിപുഡി, ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി തുടങ്ങിയ പ്രമുഖർ അനുശോചനം അറിയിച്ചു.

നായകനായും വില്ലനായും ഹാസ്യതാരമായും സ്വഭാവനടനായും വെള്ളിത്തിരയിൽ വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച ഗിരി ബാബു 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. അഭിനയത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ സംവിധാനത്തിലും നിർമാണത്തിലും അദ്ദേഹം സജീവമായിരുന്നു. മൂന്ന് സിനിമകൾ സംവിധാനം ചെയ്തപ്പോൾ നാല് ചിത്രങ്ങളുടെ നിർമാണച്ചുമതലയും വഹിച്ചു.

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ രവിനുതല ഗ്രാമത്തിൽ ജനിച്ച ഗിരി ബാബുവിന്റെ യഥാർഥ പേര് യെറ ശേഷഗിരി റാവു എന്നാണ്. നാടകങ്ങളോടും അഭിനയത്തോടുമുള്ള ചെറുപ്പകാലത്തെ താൽപര്യമാണ് അദ്ദേഹത്തെ സിനിമയിലെത്തിച്ചത്. 1973ൽ ‘ജഗമേ മായ’യിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യകാലത്ത് നായകവേഷങ്ങൾ കൈകാര്യം ചെയ്തെങ്കിലും പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

1977ൽ പുറത്തിറങ്ങിയ ‘കുരുക്ഷേത്ര’യിലെ ദുശ്ശാസനൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയമായ വേഷങ്ങളിലൊന്നായി. ‘ജ്യോതി’, ‘പസിവാടി പ്രാണം’, ‘ഹലോ ബ്രദർ’, ‘സിസിന്ദ്രി’, ‘ലിറ്റിൽ സോൾജിയേഴ്‌സ്’, ‘നിന്നേ പെള്ളാഡത്ത’ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. കാലത്തിനൊത്ത് മാറിയ സിനിമാരംഗത്തും സജീവമായി തുടർന്ന അദ്ദേഹം ‘ഗമ്യം’, ‘ഗീത ഗോവിന്ദം’, ‘ജാതി രത്‌നാലു’, ‘മോസ്റ്റ് എലിജിബിൾ ബാച്ചിലർ’ തുടങ്ങിയ ചിത്രങ്ങളിൽ പുതുതലമുറ താരങ്ങൾക്കൊപ്പവും വേഷമിട്ടു.

Related Articles

Back to top button