കൊല്ലം ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി

ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് തൊഴിലാളികളുടെ ശ്രദ്ധയിൽ അസ്ഥിക്കഷണങ്ങൾപ്പെട്ടത്. ഉടൻ തന്നെ വിവരം ശക്തികുളങ്ങര പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾ മൃഗത്തിന്റേതാകാമെന്നായിരുന്നു ആദ്യം സംശയം. തുടർന്ന് വെറ്ററിനറി സർജനെത്തി പരിശോധിച്ചെങ്കിലും അസ്ഥികൾ മൃഗത്തിന്റേതല്ലെന്ന് വ്യക്തമായി. ഇതോടെ സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുകയായിരുന്നു.
തുടർന്നുള്ള തിരച്ചിലിലാണ് ടാങ്കിൽ നിന്ന് തലയോട്ടിയും കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങൾ ആരുടേതാണെന്നും എങ്ങനെ ഇവിടെ എത്തിയെന്നുമുള്ള കാര്യങ്ങളിൽ നിലവിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതാകാമെന്ന സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.



