കലക്ടറേറ്റ് ജീവനക്കാരിയുടെ ആത്മഹത്യ: റിപ്പോർട്ട് ലഭിച്ചാൽ കർശന നടപടി… മന്ത്രി

കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.പി. അനിൽകുമാർ. സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ കമ്മീഷണറുമായും ജില്ലാ കലക്ടറുമായും സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷം കഴിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ജീവനക്കാരി മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന് നൽകിയ മൊഴിയിൽ വീട്ടിലെയും ഓഫീസിലെയും മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറഞ്ഞതായാണ് മന്ത്രിക്ക് ലഭിച്ച വിവരം.
അതേസമയം, ആർക്കുമെതിരെ പരാതിയില്ലെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയോ അനാവശ്യ സമ്മർദ്ദമോ ഉണ്ടായിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ കോൺഗ്രസിന് വ്യക്തമായ നിലപാടുണ്ടെന്നും മന്ത്രി പറഞ്ഞു. വിഷയം പരിശോധിക്കാൻ മന്ത്രിമാരുടെ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ പദ്ധതിയിൽ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും എ.പി. അനിൽകുമാർ വ്യക്തമാക്കി.



