മദ്യപിച്ച് വാഹനമോടിച്ച് അപകടം…. അശ്വന്ത് കോക്കിന്റെ ലൈസൻസ്….

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യൂട്യൂബർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടക്കാവ് പോലീസ് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി. കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് എരഞ്ഞിപ്പാലത്ത് അപകടമുണ്ടായത്. അശ്വന്ത് കോക്ക് ഓടിച്ച ഥാർ ജീപ്പ് ആദ്യം നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. തുടർന്ന് രണ്ട് ഇരുചക്രവാഹനങ്ങളിലും വാഹനം ഇടിച്ചു. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയ അശ്വന്തിനെ ട്രാഫിക് പോലീസിന്റെ സഹായത്തോടെ നാട്ടുകാർ പിടികൂടുകയായിരുന്നു.
പോലീസ് വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ അശ്വന്ത് ലക്കുകെട്ട നിലയിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പരിശോധനയിൽ മദ്യപിച്ചിരുന്നതായി വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ നടക്കാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസിൽ അശ്വന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അശ്വന്ത് കോക്കിന്റെ ഥാറിൽ നടത്തിയ പരിശോധനയിൽ എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. ഇവയും പോലീസ് അന്വേഷണത്തിന്റെ ഭാഗമാണ്. അറസ്റ്റിന് പിന്നാലെ മാധ്യമങ്ങൾ മദ്യപിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ മറുപടി പറയുന്നില്ലെന്നായിരുന്നു അശ്വന്തിന്റെ പ്രതികരണം. ‘ദാറ്റ്സ് കേരള പൊലീസ്’ എന്നും അദ്ദേഹം പറഞ്ഞിരുന്നു.



