സംസ്ഥാനത്ത് ഉഷ്ണതരംഗം… 11 മുതൽ 3 വരെ ‘സെൽഫ് ലോക്ക്ഡൗൺ’… അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ജീവാപായം വരെ സംഭവിച്ചേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
സമയക്രമീകരണം… പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. കൊവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെൽഫ് ലോക്ക്ഡൗൺ’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും നിയന്ത്രിക്കണം.
ആരോഗ്യ പരിരക്ഷ… ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും കുടയും പാദരക്ഷകളും ഉപയോഗിക്കാനും ശ്രദ്ധിക്കണം. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പ്രത്യേക കരുതൽ എടുക്കണം.
പൊതുപരിപാടികൾക്ക് നിയന്ത്രണം…. 11 മുതൽ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങൾ പാടില്ല. ഉത്സവങ്ങളിലെ പകൽപ്പൂരങ്ങൾ, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം.
വസ്ത്രധാരണം… ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ. കുട, പാദരക്ഷകൾ, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.
പ്രത്യേക ശ്രദ്ധ വേണ്ടവർ… പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആൽബനിസം ബാധിച്ചവരും ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.
മിണ്ടാപ്രാണികളെ മറക്കരുത്… വളർത്തുമൃഗങ്ങൾക്കും തെരുവിലെ മൃഗങ്ങൾക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകൽ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടിൽ മൃഗങ്ങൾക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാൽ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകൾക്കെതിരെയും ജാഗ്രത വേണം.
സർക്കാർ സംവിധാനങ്ങൾ സജ്ജം…. പകൽ സമയത്തെ പുറംപണികൾ ഒഴിവാക്കുന്നതിനായി തൊഴിൽ വകുപ്പ് ജോലി സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഇത് കർശനമായി പാലിക്കണം. പകൽ സമയത്തെ തൊഴിലുറപ്പ് ജോലികൾ പൂർണ്ണമായും നിർത്തിവെക്കാൻ നിർദേശം നൽകി. ട്രാഫിക് പോലീസുകാർക്ക് കുടിവെള്ളവും തണലും ഉറപ്പാക്കാനും യൂണിഫോമിൽ ഇളവ് നൽകാനും നിർദേശിച്ചിട്ടുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആശുപത്രികളിലും ആംബുലൻസുകളിലും സൂര്യാഘാതം നേരിടാനുള്ള പ്രഥമശുശ്രൂഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തണ്ണീർപന്തലുകൾ ഒരുക്കാം… യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി കുടിവെള്ളവും തണലും ഒരുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ എന്നിവർ മുന്നോട്ട് വരണം.
ക്ഷീണമോ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളോ തോന്നിയാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം. മറ്റൊരാൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കണ്ടാൽ അവരെ ഉടൻ തണലിലേക്ക് മാറ്റി കിടത്തുകയും ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക. പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായാണ് നേരിട്ടു ശീലിച്ചത്. പരസ്പര സഹകരണത്തോടെ ഈ കടുത്ത വേനലിനെയും നമുക്ക് ഒരുമിച്ച് മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.



