തിരുവനന്തപുരത്ത് വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റു….

തിരുവനന്തപുരം: പോത്തൻകോട് വേങ്ങോട് സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് പാമ്പ് കടിയേറ്റു. വേങ്ങോട് സ്വദേശിനി ദുർഗ്ഗ (18) യ്ക്കാണ് കടിയേറ്റത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അമ്മുമ്മയുടെ വീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ വെച്ചാണ് ദുർഗ്ഗയ്ക്ക് പാമ്പ് കടിയേറ്റത്. പാമ്പ് കടിയേറ്റ ഉടൻ തന്നെ ദുർഗ്ഗയെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സകൾ നൽകിയ ശേഷം വിദഗ്ധ പരിശോധനകൾക്കും നിരീക്ഷണത്തിനുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം. കടിയേറ്റത് ഏത് ഇനം പാമ്പാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മഴക്കാലത്തിന് മുന്നോടിയായുള്ള സമയമായതിനാൽ കുറ്റിക്കാടുകളും പരിസരങ്ങളും വൃത്തിയാക്കുമ്പോഴും നടന്നുപോകുമ്പോഴും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.



