രാജിവെക്കില്ലെന്ന നിലപാടിൽ ഗ്യാനേഷ് കുമാർ; ഇംപീച്ച്മെൻ്റ് ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യം യോഗം ചേരും

രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചപ്പോൾ ഇടത് നേതാക്കൾ എകെജി ഭവന് മുന്നിൽ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തി. പുതിയ ഇംപീച്ച്മെൻറ് നോട്ടീസ് അടക്കമുള്ള തുടർനടപടികൾ മറ്റന്നാൾ ചേരുന്ന ഇന്ത്യ സഖ്യയോഗം തീരുമാനിക്കും. പൗരത്വം നിർണ്ണയിക്കാനുള്ള അവകാശം തിരഞ്ഞെടുപ്പ് കമ്മീഷന് ഇല്ലെന്ന് എസ്ഐആറിനെതിരായ ഹർജികൾ കേട്ട സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് സുധാൻഷു ധൂലിയ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചേർന്ന് തർക്കവിഷയങ്ങളിൽ തീരുമാനങ്ങൾ പ്രഖ്യാപിച്ചെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കെട്ടടങ്ങുന്നില്ല. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. സിപിഎം ആസ്ഥാനമായ എകെജി ഭവന് മുന്നിൽ നിന്ന് ജനറൽ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തിലാണ് ഇടത് നേതാക്കൾ ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തിയത്. മുംബൈയിൽ ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങാനിരുന്ന പ്രതിഷേധത്തിന് പോലീസ് അനുമതി നൽകിയിട്ടില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി അറിയിച്ചു.




