ഭീകരസംഘങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഗുരുമൂർത്തി… മുംബൈയിൽ പിടിയിലായ യഷ് സിങ്ങിൻ്റെ പ്രതിഫലം…

യുഎപിഎ ചുമത്തി ഒറ്റപ്പാലത്തുനിന്ന് അറസ്റ്റ് ചെയ്ത തമിഴ്നാട് തിരുനെൽവേലി സ്വദേശി ഗുരുമൂർത്തിക്കെതിരേ കൂടുതൽ കണ്ടെത്തലുകൾ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങും ഗുരുമൂർത്തിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. മുംബൈയിലെ ജൂത പൗരന്മാരുടെ വിവരങ്ങളും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ ചിത്രങ്ങളും പകർത്തി അയച്ചതിന് പിടിയിലായ യഷ് സിങ്ങിനെ ഇതിനായി റിക്രൂട്ട് ചെയ്തത് ഗുരുമൂർത്തിയാണെന്നാണ് പ്രധാന കണ്ടെത്തൽ. മുംബൈയിലെ ജൂതരുടെ വിവരങ്ങൾ ശേഖരിച്ചതിന് യഷ് സിങ്ങിന് പലതവണയായി 25,000 രൂപയാണ് ഗുരുമൂർത്തി പ്രതിഫലമായി നൽകിയതെന്നും പൊലീസ് പറയുന്നു.
ഭീകരസംഘങ്ങൾക്കായി യുവാക്കളെ കണ്ടെത്തുന്നതും പണം നൽകി ഇവരെ ദൗത്യമേൽപ്പിക്കുമെന്നതും ഗുരുമൂർത്തിയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ഗുരുമൂർത്തി ഏറെക്കാലം മുംബൈയിലായിരുന്നു താമസം. മുംബൈയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ച് ഇയാൾ ശൃംഖല വിപുലമാക്കി. നാലുമാസം മുൻപാണ് താൻ ഒറ്റപ്പാലത്ത് വന്നതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ഗുരുമൂർത്തി കേരളത്തിലുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇത് എന്തിന് വേണ്ടിയായിരുന്നു എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്.



