നിയമസഭയിലെ ദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു… അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന്….

തിരുവനന്തപുരം: നിയമസഭയിലെ തന്റെ പരാമർശങ്ങൾ മോർഫ് ചെയ്ത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് കെ എൻ ബാലഗോപാൽ അറിയിച്ചു. സഭയിലെ തന്റെ പരാമർശം മറ്റ് ദൃശ്യങ്ങൾ ചേർത്തുവെച്ച് എഡിറ്റ് ചെയ്ത് മോശമാക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന രൂപത്തിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. സഭാ സമ്മേളനത്തിനിടെ ‘എൽഒപി (പ്രതിപക്ഷ നേതാവ്) എഴുന്നേറ്റ് സംസാരിക്കണം’ എന്ന് താൻ നടത്തിയ പരാമർശത്തെയാണ് വിവാദമാക്കിയത്.
പ്രതിപക്ഷ നേതാവ് സംസാരിക്കും എന്നാണ് താൻ അവിടെ ഉദ്ദേശിച്ചതെന്നും യാഥാർത്ഥ്യം എന്തെന്ന് കൃത്യമായി മനസിലാക്കാതെ സ്പീക്കർ സഭയ്ക്ക് പുറത്ത് ഇതിനെക്കുറിച്ച് വിമർശനം ഉന്നയിച്ചത് ശരിയായില്ലെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കുതർക്കം രൂക്ഷമായ സാഹചര്യമാണ് ഉണ്ടായത്. ഈ സമയത്ത് പിണറായി വിജയനോട് ‘എഴുന്നേറ്റ് എന്തെങ്കിലും പറയ്, ഇങ്ങനെ മിണ്ടാതിരിക്കല്ലെ’ എന്ന് കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു എന്ന തരത്തിലായിരുന്നു വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിന് പിന്നാലെ കെ എൻ ബാലഗോപാലിന്റെ ഈ വീഡിയോ വലിയ രീതിയിൽ വൈറലാവുകയും ചെയ്തു. പ്രതിപക്ഷ നേതാവിനോട് ബാലഗോപാൽ കയർത്ത് സംസാരിച്ചു എന്ന രീതിയിലായിരുന്നു ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടത്.
വീഡിയോ വൈറലായതിന് പിന്നാലെ, കെ എൻ ബാലഗോപാലിന്റെ ഭാഗത്തുനിന്നും ഉണ്ടായ പെരുമാറ്റം ഒട്ടും ശരിയായില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. പിണറായി വിജയൻ കേരളത്തിൽ രണ്ടുതവണ മുഖ്യമന്ത്രിയായ ഏറ്റവും സീനിയറായ നേതാവാണെന്നും അദ്ദേഹത്തിന് അർഹമായ ആദരവ് നൽകാൻ എല്ലാവരും തയ്യാറാകണമെന്നും സ്പീക്കർ പറഞ്ഞിരുന്നു. എന്നാൽ തനിക്കെതിരെ ഉയർന്ന ഈ ആരോപണങ്ങളെല്ലാം കെ എൻ ബാലഗോപാൽ പൂർണ്ണമായും തള്ളിക്കളയുകയായിരുന്നു.



