‘തൂക്കിക്കൊന്നോളൂ, തടസ്സം നിന്നാൽ ഇനിയും കൊല്ലും’… നെന്മാറ ഇരട്ടക്കൊലക്കേസ് വിധി കേൾക്കെ ജഡ്ജിയെ ഭീഷണിപ്പെടുത്തി….

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് കോടതിയുടെ ഈ നിർണായക വിധി. പുതിയ നിയമത്തിലെ ബിഎന്‍എസ് വകുപ്പ് 103(1), 126(2) എന്നിവ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ ജൂലൈ 15-നാണ് കോടതി ശിക്ഷ വിധിക്കുക.
എന്നാൽ വിധി പ്രസ്താവിക്കുന്നതിനിടെ കോടതി മുറിയിൽ ഒട്ടും കൂസലില്ലാതെ, അക്രമാസക്തമായ രീതിയിലാണ് പ്രതി ചെന്താമര പെരുമാറിയത്. വിധി പ്രഖ്യാപിക്കുന്നതിന് മുൻപായി എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ ‘തൂക്കി കൊന്നോളൂ’ എന്നായിരുന്നു പ്രതിയുടെ മറുപടി. തുടർന്നും കോടതിയോട് വെല്ലുവിളിയും ഭീഷണിയും പ്രതി ആവർത്തിച്ചു. വേണ്ടി വന്നാൽ താൻ മറ്റുള്ളവരെയും കൊല്ലുമെന്നും, തടസ്സം നിന്നാൽ ഇങ്ങനെയായിരിക്കും പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തി. “ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ല, എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോ” എന്ന് ജഡ്ജിയോട് പ്രതി വിളിച്ച് പറഞ്ഞു.
പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പരാമർശിച്ചപ്പോൾ, “തനിക്ക് പ്രശ്‌നമുണ്ടെന്ന് ആരാണ് പറഞ്ഞത്” എന്നായിരുന്നു ചെന്താമരയുടെ മറുചോദ്യം. പ്രതി ഇനിയും കുറ്റം ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ടെന്നും, പ്രതിക്ക് ഒട്ടും കുറ്റബോധമില്ലെന്നും കോടതി അറിയിച്ചപ്പോൾ, “നിങ്ങൾക്ക് വരുമ്പോഴേ ഇത് അറിയൂ, ഞാൻ ആയിട്ട് പോകില്ല, ആരേലും വന്നാൽ വിടില്ല” എന്ന് പ്രതി വീണ്ടും ഭീഷണി മുഴക്കി. താൻ ഇതുവരെ ജാമ്യം പോലും വാങ്ങിയിട്ടില്ലെന്നും ചെന്താമര കോടതിയിൽ പ്രതികരിച്ചു.
2025 ജനുവരിയിലാണ് നെന്മാറ പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ക്രൂരമായ ഇരട്ടക്കൊലപാതകം നടക്കുന്നത്. പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശികളായ അയൽവാസികൾ സുധാകരനെയും (56), അമ്മ ലക്ഷ്മി(75)യെയും ചെന്താമര വെട്ടിക്കൊല്ലുകയായിരുന്നു. പ്രതിയായ ചെന്താമര മുൻപും കൊലക്കേസ് പ്രതിയായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2019-ൽ ഇതേ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ഇയാൾ. സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സുധാകരനെയും അമ്മയെയും ചെന്താമര വെട്ടി വീഴ്ത്തിയത്.
കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. തുടർന്ന് ജൂലൈ 6ന് കേസില്‍ വിധി പറയാനിരുന്നതാണെങ്കിലും ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വിധിപ്രസ്താവം മാറ്റിവെക്കുകയായിരുന്നു. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കേസിൽ ഇനി രാജ്യം ഉറ്റുനോക്കുന്നത് ജൂലൈ 15-ലെ ശിക്ഷാവിധിക്കായിട്ടാണ്.



