‘കൂടുതൽ ചിക്കൻ കറി കഴിച്ചെന്ന് പറഞ്ഞ് വഴക്ക്, ഒടുവിൽ കുളിമുറിയിൽ നിന്ന് ഫോൺ കോൾ’… ശ്രീകാര്യത്തെ കാവ്യയുടെ മരണത്തിൽ……

തിരുവനന്തപുരം: ശ്രീകാര്യത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃകുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാവ്യയുടെ കുടുംബം രംഗത്ത്. വിവാഹം കഴിഞ്ഞ സമയം മുതൽ ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ചും മകൾക്ക് ഭർതൃവീട്ടിൽ കടുത്ത മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മരിച്ച കാവ്യയുടെ അമ്മ വെളിപ്പെടുത്തി.​ഭർതൃമാതാവാണ് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതെന്നും ഭർത്താവ് വിഷ്ണു അമ്മ പറയുന്നതല്ലാതെ മറ്റൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. മരണപ്പെടുന്നതിന് തൊട്ടുമുൻപും വീട്ടിൽ ക്രൂരമായ വഴക്കുണ്ടായതായാണ് വിവരം. വിവാഹം കഴിഞ്ഞ സമയം മുതൽ വീട്ടിൽ വഴക്കാണ്. ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ല എന്ന് പറഞ്ഞും പ്രശ്നങ്ങൾ സൃഷ്ടിച്ചു. മകൾ ഒരിക്കലും സ്വസ്ഥത അനുഭവിച്ചിട്ടില്ല. രണ്ടുമാസം മുൻപാണ് കാവ്യ അവസാനമായി വീട്ടിൽ വന്നത്. പല ദിവസങ്ങളിലും അവളെ പട്ടിണിക്കിടും, ആഹാരം ഉണ്ടാക്കാനും സമ്മതിക്കില്ലായിരുന്നു. കാവ്യയുടെ ഭർതൃമാതാവാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസവും വീട്ടിൽ വലിയ വഴക്കുണ്ടായി. അവൾ ചിക്കൻ കറി കൂടുതൽ കഴിച്ചു എന്നപേരിലായിരുന്നു ഭർതൃമാതാവ് വഴക്കിട്ടത്. കുളിമുറിയിൽ കയറി നിന്ന് മകൾ ഇക്കാര്യം എന്നെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് അവൾ ജീവനൊടുക്കിയത്. എന്ന് കാവ്യയുടെ അമ്മ പറഞ്ഞു. വിഷ്ണുവിന്റെ അമ്മയുടെ പീഡനം സഹിക്കവയ്യാതെ കാവ്യയും ഭർത്താവും മക്കളുമൊത്ത് കുറച്ചുനാൾ മുൻപ് നാടുവിട്ട് പോയിരുന്നുവെന്ന് കാവ്യയുടെ സഹോദരൻ ശ്യാം പറയുന്നു. കുട്ടികളെയും ഭർത്താവിനെയും കരുതി മാത്രമാണ് കാവ്യ ആ വീട്ടിൽ പിടിച്ചുനിന്നത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കാവ്യ ജനലിൽ തൂങ്ങി എന്ന് പറഞ്ഞ് കുടുംബത്തിലേക്ക് ഫോൺ കോൾ വരുന്നത്. ഇന്നലെ വൈകുന്നേരമാണ് ശ്രീകാര്യം സ്വദേശിനിയായ കാവ്യ(30)യെ ഭർത്താവ് വിഷ്ണുവിന്റെ വിളവൂർക്കൽ തെങ്ങത്താങ്കോട്ടുള്ള വീട്ടിൽ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുവർഷം മുൻപായിരുന്നു കാവ്യയുടെയും വിഷ്ണുവിന്റെയും വിവാഹം. മുൻപ് സാമ്പത്തിക ബാധ്യത മൂലം മക്കളുമൊത്ത് നാടുവിട്ടുപോയ ഇവരെ പോലീസ് കണ്ടെത്തി തിരികെ എത്തിക്കുകയായിരുന്നു. കാവ്യയുടെ മരണത്തിൽ മലയിൻകീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button