അധികാരമേറ്റ് രണ്ട് മാസം… യുഡിഎഫ് സർക്കാരിൽ നിയമനങ്ങൾ ഇഴയുന്നു….

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് രണ്ട് മാസം പിന്നിട്ടിട്ടും പ്രധാനപ്പെട്ട ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതായി റിപ്പോർട്ട്. ചർച്ചകൾ അനന്തമായി നീളുന്നതിൽ യുഡിഎഫിലും കോൺഗ്രസിനുള്ളിലും അതൃപ്തി പുകയുകയാണ്. ഘടകകക്ഷികളുമായുള്ള ബോർഡ്, കോർപ്പറേഷൻ വിഭജന ചർച്ചകൾ പോലും ഇതുവരെ ആരംഭിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനുപുറമേ കോൺഗ്രസ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളും പൂർത്തിയാകാത്തത് മന്ത്രിമാരുടെ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്.​

ബോർഡുകളിലെയും കോർപ്പറേഷനുകളിലെയും നിയമനങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ച ചില ശക്തികൾക്ക് വേണ്ടി സീറ്റുകൾ മാറ്റിവെച്ചിരിക്കുകയാണെന്ന് മുൻമന്ത്രി പി രാജീവ് ആരോപിച്ചു. അതേസമയം, ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്. ഹൈക്കോടതിയിൽ ബിജെപി, ഇടത് നേതാക്കളെ സർക്കാർ അഭിഭാഷകരായി നിയമിച്ചെന്നാണ് ഉയരുന്ന പരാതി.

ഒരു എസ്എഫ്‌ഐ പ്രവർത്തകനെ സർക്കാർ അഭിഭാഷകനാക്കിയെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തന്നെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.​എബിവിപി നേതാവിനും ഇത്തരത്തിൽ നിയമനം നൽകിയെന്ന് ആരോപണമുണ്ട്. സ്വന്തം മുന്നണിയിലെ അർഹരായവരെ അവഗണിച്ച് മറ്റ് രാഷ്ട്രീയ ചേരികളിലുള്ളവർക്ക് പദവികൾ നൽകിയതിലൂടെ യൂത്ത് കോൺഗ്രസ്, ലോയേഴ്‌സ് കോൺഗ്രസ് നേതാക്കളും സർക്കാരിനെതിരെ കടുത്ത അതൃപ്തിയിലാണ്.

Related Articles

Back to top button