ശബരിമല മേൽശാന്തി അഭിമുഖത്തിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും…. പകരം…..​

തിരുവനന്തപുരം: ശബരിമല മേൽശാന്തി നറുക്കെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കാൻ തീരുമാനം. അഭിമുഖത്തിനായി കണ്ഠരര് രാജീവരെ വിളിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കണ്ഠരര് രാജീവർ പ്രതിചേർക്കപ്പെട്ട പശ്ചാത്തലത്തിലാണ് ബോർഡിന്റെ ഈ നിർണായക തീരുമാനം. മേൽശാന്തി അഭിമുഖം നടക്കുമ്പോൾ ഇന്റർവ്യൂ ബോർഡിൽ താഴമൺ കുടുംബത്തിൽ നിന്നുള്ള രണ്ട് തന്ത്രിമാർ പങ്കെടുക്കണമെന്നാണ് കീഴ്‌വഴക്കം. ഇതിനാൽ അഭിമുഖത്തിൽ കണ്ഠരര് രാജീവരും പങ്കെടുക്കേണ്ടതുണ്ടായിരുന്നു.

എന്നാൽ സ്വർണ്ണക്കൊള്ള കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെ, ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകുകയായിരുന്നു.തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കുന്നതിന് പകരം, തൽസ്ഥാനത്തേക്ക് മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നാണ് കണ്ഠരര് രാജീവരുടെ ആവശ്യം. അനാരോഗ്യം മൂലം തന്ത്രിസ്ഥാനത്ത് നിന്ന് ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കത്തിൽ ചൂണ്ടിക്കാണിക്കുന്നതെങ്കിലും, സ്വർണക്കൊള്ള കേസിൽ പ്രതിയായതിനെ തുടർന്നുണ്ടാകാവുന്ന പ്രശ്നങ്ങൾ മുന്നിൽ കണ്ടാണ് ഈ അസാധാരണ നീക്കമെന്നാണ് സൂചന. ​ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും തന്ത്രി സ്ഥാനത്തുള്ള കണ്ഠരര് രാജീവര് സന്നിധാനത്ത് എത്തിയിരുന്നില്ല.

ശബരിമല തീർത്ഥാടന കാലത്ത്, ചിങ്ങം മുതൽ കർക്കിടകം വരെയുള്ള മാസങ്ങളിൽ തന്ത്രിമാർ മാറിമാറിയാണ് പൂജാകർമ്മങ്ങൾക്കായി എത്താറുള്ളത്. നിലവിൽ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രിയായി ചുമതല വഹിക്കുന്നത്. വരുന്ന ഓഗസ്റ്റ് മാസം മുതൽ തന്ത്രി സ്ഥാനത്തേക്ക് എത്തേണ്ടിയിരുന്നത് കണ്ഠരര് രാജീവരായിരുന്നു. ഈ സാഹചര്യത്തിലാണ് കത്തുമായി രാജീവര് രംഗത്തെത്തിയത്.​ശബരിമലയിൽ താന്ത്രിക അവകാശമുള്ള താഴമൺ മഠത്തിലെ കണ്ഠരര് മോഹനരും രാജീവരുമാണ് മുൻപ് തന്ത്രി സ്ഥാനം വഹിച്ചിരുന്നത്. പിന്നീട് മോഹനര് മാറി മകൻ കണ്ഠരര് മഹേഷ് മോഹനരർക്ക് ചുമതല കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജീവരും തന്ത്രിസ്ഥാനം മകന് നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മേൽശാന്തി അഭിമുഖ നടപടികളുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോവുകയാണ്.

Related Articles

Back to top button