‘അടൂരിൽ എത്തിയാൽ രണ്ടടി കിട്ടിയെന്നിരിക്കും, അത് പ്രവർത്തിയുടെ ഫലം’… യൂട്യൂബർ രാജൻ ജോസഫിന് മർദ്ദനമേറ്റ സംഭവത്തിൽ…..

പത്തനംതിട്ട: യൂട്യൂബര്‍ രാജന്‍ ജോസഫിന് തല്ലുകിട്ടിയെങ്കില്‍ അത് അവരുടെ പ്രവര്‍ത്തിയുടെ ഫലമാണെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. ഇത്തരത്തില്‍ വീഡിയോ ചെയ്യുന്നവര്‍ അടൂരില്‍ എത്തിയാല്‍ രണ്ടടി കിട്ടിയെന്നിരിക്കുമെന്നും അവർ പറഞ്ഞു. രാജന്‍ ജോസഫിനെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ആദ്യമായി താന്‍ കണ്ടതെന്നും, ഇയാളെ ജാമ്യത്തില്‍ എടുക്കാന്‍ വന്നത് സിപിഐഎം പ്രാദേശിക നേതൃത്വം ആണെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.
സോഷ്യല്‍ മീഡിയയിലൂടെ തന്നെ അധിക്ഷേപിച്ചുവെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു രാജന്‍ ജോസിനെ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് അടൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് കേസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. കസ്റ്റഡിയിലെടുത്ത രാജന്‍ ജോസഫിന് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. 25-ലധികം വീഡിയോകളാണ് രാജന്‍, സിബി എന്നീ യൂട്യൂബര്‍മാര്‍ എനിക്കെതിരെ സംപ്രേഷണം ചെയ്തിട്ടുള്ളത്. കേരളത്തില്‍ 2016 മുതല്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവ് ആയ സമൂഹം വളര്‍ന്നുവരുന്നുണ്ട്. എന്നെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരം ഉണ്ട്, അതിന് മറുപടി പറയാന്‍ തയ്യാറും ആണ്. എന്നാല്‍ വ്യക്തിപരമായ തേജോവധം ചെയ്യുന്ന രീതിയില്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ 15 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചെയ്യുകയാണ് ഇവർ. മനോവൈകല്യം ഉള്ള വ്യക്തികളാണ് ഇരുവരും.
യൂട്യൂബറും ബലാത്സംഗക്കേസ് പ്രതിയും മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവുമായിരുന്നു രാജൻ ജോസഫിനെ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് മർദ്ദിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുപ്പതോളം പേരടങ്ങുന്ന സംഘം പോലീസ് ജീപ്പ് വളഞ്ഞായിരുന്നു മർദ്ദനശ്രമം നടത്തിയത്. ഈ സംഘർഷത്തിൽ ഒരു പോലീസുകാരന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പോലീസ് കേസെടുത്തു. ഞായറാഴ്ച രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ അടൂർ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. രാജൻ ജോസഫിനെ പോലീസ് സ്റ്റേഷനിലേക്ക് വലിച്ച് കയറ്റുന്ന ദൃശ്യങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.



