ഡ്രൈവിങ് ടെസ്റ്റിൽ പുതിയ പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്തെ മോട്ടോർ വാഹന ഡ്രൈവിങ് ടെസ്റ്റ് വ്യവസ്ഥകളിൽ നിർണായക പരിഷ്കാരവുമായി മോട്ടോർ വാഹന വകുപ്പ് (MVD). ഇനിമുതൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) വിഭാഗത്തിന്റെ ‘H’ ടെസ്റ്റ് നടത്തുമ്പോൾ വാഹനങ്ങളിലെ റിയർവ്യൂ (പിൻ) ക്യാമറകൾ നോക്കാൻ അനുമതി നൽകും. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലും ഈ പുതിയ മാറ്റം നടപ്പിലാക്കുന്നത്. നിലവിലെ നിയമപ്രകാരം വാഹനത്തിന്റെ വശങ്ങളിലെയും ഉള്ളിലെയും മിററുകൾ (കണ്ണാടികൾ) മാത്രം നോക്കി ‘H’ എടുക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ, വിപണിയിലിറങ്ങുന്ന ഭൂരിഭാഗം പുതിയ കാറുകളിലും റിയർവ്യൂ ക്യാമറകൾ അടിസ്ഥാന സൗകര്യമായി മാറിയ പശ്ചാത്തലത്തിലാണ് ഈ ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തിയത്.



