നടി സഞ്ജിത ഉഗാളെയുടെ മരണവും അതേ ദിവസം: സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധമുണ്ടെന്ന് സഹോദരൻ

പ്രശസ്ത ടെലിവിഷൻ താരം സഞ്ജിത ഉഗാളെയുടെ മരണത്തിൽ ബോളിവുഡ് മാഫിയയ്ക്കും കാസ്റ്റിങ് ഏജന്റുകൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. സഞ്ജിതയുടെ ആത്മഹത്യയ്ക്ക് 2020-ൽ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ശക്തമായ ബന്ധമുണ്ടെന്നാണ് സഹോദരൻ ആകാശ് സതീഷ് ഉഗാളെ ആരോപിക്കുന്നത്.

‘കുംകും ഭാഗ്യ’, ‘വാഗ്ലെ കി ദുനിയ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയയായ സഞ്ജിതയെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള നളസോപാരയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃത്യം ആറ് വർഷങ്ങൾക്ക് മുൻപ്, 2020 ജൂൺ 14-നായിരുന്നു സുശാന്ത് സിങ് രാജ്പുത് അന്തരിച്ചത്. ഇതേ തീയതിയിലാണ് സഞ്ജിതയും ജീവിതം അവസാനിപ്പിച്ചത് എന്നതാണ് കുടുംബം ചൂണ്ടിക്കാണിക്കുന്ന പ്രധാന സമാനത. മരണത്തിന് തൊട്ടുമുൻപുള്ള ദിവസം സഞ്ജിത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റും സുശാന്തിനെ അനുസ്മരിച്ചുകൊണ്ടുള്ളതായിരുന്നു. “വീണ്ടും ജൂൺ 14 വന്നെത്തി…” എന്നായിരുന്നു ഈ പോസ്റ്റിലെ വരികൾ.

“സുശാന്ത് സിങ് രാജ്പുതിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ എന്തോ ഒന്ന് ഇവിടെയും സംഭവിച്ചിട്ടുണ്ട്. കാസ്റ്റിങ് കൗച്ചോ മറ്റെന്തെങ്കിലുമോ ആകാം ഇതിന് പിന്നിൽ. സിനിമ-സീരിയൽ രംഗത്തെ മാഫിയകൾ വളർന്നുവരുന്ന താരങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കി തകർക്കുകയാണ്. എന്റെ സഹോദരിയും സുശാന്ത് സാറും ഇതിന് ഇരയായവരാണ്. ഇൻഡസ്ട്രി നൽകിയ കടുത്ത സമ്മർദ്ദമാണ് രണ്ടുപേരുടെയും മരണത്തിന് കാരണം. ജൂൺ 14 വീണ്ടും ആവർത്തിക്കുകയാണ്.”
– ആകാശ് സതീഷ് ഉഗാളെ (സഞ്ജിതയുടെ സഹോദരൻ)

Related Articles

Back to top button