ദേശാഭിമാനി വിവാദം: വാരാന്ത്യ പതിപ്പ് എഡിറ്റർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപതിപ്പിലെ ലേഖനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വാരാന്ത്യ പതിപ്പ് എഡിറ്റർ കെ.ആർ. അജയന് മാനേജ്മെന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപായി വിഷയത്തിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലേഖനത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കിയെന്നും, നിർദേശിച്ചിട്ടും ‘കള്ളൻ വിജയൻ’ എന്ന വിവാദ തലക്കെട്ട് മാറ്റാൻ തയ്യാറായില്ലെന്നുമാണ് എഡിറ്റർക്കെതിരെയുള്ള പ്രധാന കുറ്റം. കൂടാതെ വാരാന്തപതിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമങ്ങളെ അറിയിച്ചതിലും മാനേജ്മെന്റ് കുറ്റപ്പെടുത്തുന്നു.
അതേസമയം, ദേശാഭിമാനിയിലെ വിവാദങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് അന്തരിച്ച മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ കുടുംബം രംഗത്തെത്തി. വി.എസിന്റെ ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന വേളയിൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മകൻ വി.എ. അരുൺകുമാർ പ്രതികരിച്ചു. പത്രം പുറത്തിറക്കുന്നതും ഇറക്കാതിരിക്കുന്നതുമെല്ലാം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും അരുൺകുമാർ കൂട്ടിച്ചേർത്തു. വിവാദങ്ങൾക്ക് ഒടുവിൽ വി.എസിന്റെ ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തിയ ദേശാഭിമാനി വാരാന്തപതിപ്പ് ഇന്ന് പുറത്തിറങ്ങി. വി.എസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ ഉൾപ്പെടെയുള്ളവർ എഴുതിയ ഓർമ്മക്കുറിപ്പുകളോടെ ‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന കവർസ്റ്റോറിയോടെയാണ് പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്. അച്ചടിച്ച പതിപ്പ് ഇന്നലെ വിതരണത്തിന് എത്താത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
‘കള്ളൻ വിജയൻ’ എന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തെ ചൊല്ലി എഡിറ്റോറിയൽ വിഭാഗത്തിലുണ്ടായ അഭിപ്രായവ്യത്യാസമാണ് പതിപ്പ് വൈകാൻ കാരണമെന്നാണ് വിവരം. എന്നാൽ ഇന്ന് പുറത്തിറങ്ങിയ പതിപ്പിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടില്ല. വിജയനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു ദേശാഭിമാനി റെസിഡന്റ് എഡിറ്റർ എം. സ്വരാജ് ഇന്നലെ വിശദീകരിച്ചത്. എന്നാൽ ദേശാഭിമാനി ലേഖകൻ തന്നെയെത്തി അഭിമുഖം നടത്തിയത് സത്യമാണെന്ന് നാടക പ്രവർത്തകനായ കള്ളൻ വിജയൻ ആവർത്തിച്ചു. താൻ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ലെന്നും, ലേഖനം എന്ന് കൊടുക്കണം എന്നത് ദേശാഭിമാനിയുടെ ഇഷ്ടമാണെന്നും വിജയൻ പ്രതികരിച്ചു.



