15കാരൻ നീരജിന്റെ മരണം… അധ്യാപകൻ സ്കൂളിലെ സ്റ്റോർ റൂമിൽ പൂട്ടിയിട്ടെന്ന്…

കാസർകോട്: അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർഥി നീരജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. 15കാരനായ നീരജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ബാഹ്യസമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. നവംബർ ഒന്നിനാണ് നീലേശ്വരം തൈക്കടപ്പുറം സ്വദേശി സന്തോഷിന്റെ മകൻ നീരജിനെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണദിവസം ആരോ ഫോണിൽ വിളിച്ച് നീരജിനെ വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിരുന്നുവെന്നും തിരിച്ചെത്തിയപ്പോൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി ബന്ധുക്കൾ വെളിപ്പെടുത്തി. നീരജ് നടന്നു വരുന്നത് കണ്ട സുഹൃത്ത് വാഹനത്തിൽ കയറുന്നോ എന്ന് ചോദിച്ചെങ്കിലും പ്രതികരിക്കാതെ തലതാഴ്ത്തി നടന്നുപോയെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് നീരജ് ജീവനൊടുക്കിയതെന്നും അവർ ആരോപിക്കുന്നു. ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടെന്നതിന്റെ പേരിൽ സ്കൂളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്നും ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടതായി നീരജ് സഹോദരനോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് പിന്നാലെ ഒരു അധ്യാപകൻ വീട്ടിലെത്തി പുസ്തകങ്ങൾ തിരഞ്ഞതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില പരാമർശങ്ങളും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്. മരണത്തിന് തൊട്ടുമുമ്പ് ഹൃദയാഘാതം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നതായാണ് അവരുടെ അവകാശവാദം. എന്നാൽ മരണകാരണവും മറ്റ് ആരോപണങ്ങളുടെ വസ്തുതയും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. നീരജിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഫോൺവിളിയെക്കുറിച്ചുള്ള വിവരങ്ങൾ, സ്കൂളിൽ സമ്മർദ്ദമുണ്ടായെന്ന ആരോപണം എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്.

Related Articles

Back to top button