‘ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടിയുടെ അധിക ബാധ്യത; ജിഎൻഎയിൽ നിന്ന് പിണറായിയുടെ കാലത്തും വാങ്ങി’

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ സർക്കാരിനുണ്ടാകുന്ന 2232 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎൻഎ വഴി വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. മുൻപ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഭോഗം ഏറ്റവും കൂടുന്ന പീക്ക് ഹവറുകളിൽ ഏറ്റവും കൂടുതൽ വൈദ്യുതി ലഭിക്കുന്നത് ജി.എൻ.എ വഴിയാണ്. സാമ്പത്തിക ബാധ്യത പരിശോധിച്ചാൽ, ജിഎൻഎ വഴി വാങ്ങുമ്പോൾ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്, എന്നാൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള കരാർ വഴിയാണെങ്കിൽ അത് 8.5 രൂപ അധിക ബാധ്യതയാകും. ഇതിൽ കുറവ് ചെലവ് വരുന്നത് ജിഎൻ.എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാൽ അത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട രണ്ട് ഫയലുകളാണ് വന്നത്. ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളതും, രണ്ടാമത്തേത് ജിഎൻഎ എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാനുള്ളതുമാണ്. ഇത് നേരിട്ട് സർക്കാരുമായുള്ള ഇടപാടല്ല, പവർ ട്രേഡിങ് കോർപ്പറേഷൻ വഴിയാണ്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടിയുടെ അധികബാധ്യത സർക്കാരിന് ഉണ്ടാകുമായിരുന്നു. അത് സർക്കാരിന് എടുക്കാൻ പറ്റില്ല. അതുകൊണ്ട് ജിഎൻഎയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. പീക്ക് സമയങ്ങളിൽ ഹിമാചലിൽ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതിയാണ്. അതേസമയം ജി.എൻ.എയിൽ നിന്ന് പീക്ക് സമയത്ത് 453 മെഗായൂണിറ്റ് വൈദ്യുതിയാണ് കിട്ടുകയെന്നും മുഖ്യമന്ത്രി പറഞ്ഞു



