കാലടി സർവകലാശാലാ വിദ്യാർത്ഥികളുടെ ഹർജി നാളെ പരിഗണിക്കും…

കാലടി: സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി തേടിയുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. പരീക്ഷ എഴുതാനാവില്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ മൂന്നംഗ ബെഞ്ച് നാളത്തേക്ക് മാറ്റുകയായിരുന്നു. വിദ്യാർഥികൾ പറയുന്ന കാര്യങ്ങളിൽ ന്യായമുണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ വാദം കേട്ട ശേഷമായിരിക്കും കോടതിയുടെ ഭാഗത്തുനിന്ന് ഉത്തരവുണ്ടാകുക.
സസ്പെൻഷൻ നേരിട്ട കാലയളവാണ് അറ്റൻഡൻസിൽ കുറവ് വരാൻ കാരണമായതെന്നാണ് വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സസ്പെൻഷൻ കാലയളവ് കണക്കാക്കിയാണ് വിദ്യാർഥികൾക്ക് ഹാജർ കുറവെന്നാണ് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വാദം. ഇതിനെതിരെ ശക്തമായ ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. നടപടിക്ക് മുമ്പ് നാടക ഡിപ്പാർട്ട്മെന്റിലെ മൂന്ന് വിദ്യാർത്ഥികൾക്കും 95 ശതമാനത്തിലേറെ ഹാജരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ശിവകുമാർ എം.എസ് (97.56%), അനഘ വി. നായർ (95.12%), ജിഷ്ണു സുരേഷ് (100%) എന്നിങ്ങനെയായിരുന്നു യഥാർത്ഥ ഹാജർ. എന്നാൽ വി.സി കോടതിയിൽ സമർപ്പിച്ച കണക്കിൽ ഇത് യഥാക്രമം 64%, 62.67%, 65.33% ആയി കുറച്ചുകാട്ടിയെന്നാണ് ആരോപണം. അതേസമയം, ഒന്നാംവർഷ പി.ജി പരീക്ഷകൾ ഇന്ന് രാവിലെ ആരംഭിച്ചു. പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സഹപാഠികൾ കറുത്ത ബാഡ്ജ് ധരിച്ചാണ് പരീക്ഷയ്ക്ക് എത്തിയത്. സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരത്തിലുള്ള വിദ്യാർത്ഥികൾ.



