കേരളത്തിലെ മോദിയാണ് വി.ഡി. സതീശൻ… പി. രാജീവ്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി വി.ഡി. സതീശനെ ‘കേരളത്തിലെ മോദി’ എന്ന് വിശേഷിപ്പിച്ച് മുൻ മന്ത്രി പി. രാജീവ്. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വി.ഡി. സതീശനെതിരെയും കേരള സർക്കാരിന്റെ വിവിധ നയങ്ങൾക്കതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. റോജി എം. ജോൺ ഇതിന് പറ്റിയ മന്ത്രിയാണെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പി. രാജീവ് ഓർമ്മിപ്പിച്ചു.
ലോ കോളേജ് വിദ്യാർത്ഥികൾക്ക് ഹാജരില്ലെങ്കിലും പരീക്ഷ എഴുതാമെന്ന് ഡൽഹി ഹൈക്കോടതി വിധി ഉള്ളപ്പോൾ, കേരള ഹൈക്കോടതിയിൽ നിന്ന് നീതിരഹിതമായ വിധിയാണ് വന്നിട്ടുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർവകലാശാലകൾ സ്വതന്ത്ര സ്ഥാപനമാണെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വാദത്തെ ചോദ്യം ചെയ്ത അദ്ദേഹം, തിരഞ്ഞെടുപ്പ് കമ്മീഷനും സ്വതന്ത്ര സ്ഥാപനമല്ലേയെന്നും ചോദിച്ചു. തടസ്സങ്ങളില്ലാതെ അഴിമതി നടത്താൻ ലക്ഷ്യമിട്ടാണ് ചരിത്രത്തിൽ ഇല്ലാത്ത രീതിയിൽ ഐ.എ.എസ് (IAS) ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതെന്ന് പി. രാജീവ് ആരോപിച്ചു. കെ.എസ്.ഇ.ബിയിൽ (KSEB) 1000 കോടിയുടെ കറൻ്റ് വാങ്ങുന്നതിന് അനുമതി നൽകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ബാർ ലൈസൻസ് വ്യവസ്ഥകൾക്കെതിരെയും അദ്ദേഹം രംഗത്തുവന്നു. “മന്ത്രിയും സർക്കാരും അറിഞ്ഞിരിക്കണം എന്നാണ് പുതിയ വ്യവസ്ഥ. ഞങ്ങളെ കാണുന്നവർക്ക് മാത്രം ലൈസൻസ് എന്നതാണ് വരാൻ പോകുന്ന വ്യവസ്ഥ; ബാർ കോഴ 2.0 എന്ന് പറയുന്നില്ല എന്ന് മാത്രം” – പി. രാജീവ് പരിഹസിച്ചു. മുഖ്യമന്ത്രി എല്ലാ വകുപ്പുകളിലും ഇടപെടുന്നുണ്ടെന്നും, വകുപ്പ് മന്ത്രിമാർ ഒന്നുമറിയുന്നില്ലെന്നും ഒരു സംഘമാണ് കാര്യങ്ങൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.



