13-കാരിക്ക് നേരെ രണ്ടു വർഷത്തോളം പീഡനം… പോക്സോ കേസ് പ്രതി പിടിയിൽ

കോഴിക്കോട്: ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച പയ്യോളി പോക്‌സോ കേസിൽ ഒന്നാം പ്രതി അബ്ദുൾ റഫീഖിനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതി കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നാലെ, ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പയ്യോളിയിൽ 13-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയായ ചങ്ങരോത്ത് സ്വദേശിയും വ്യവസായിയുമായ അബ്ദുൾ റഫീഖ് അറസ്റ്റിലാവാതെ ജാമ്യത്തിലിറങ്ങിയത് വലിയ ജനരോഷത്തിന് കാരണമായിരുന്നു.

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും ഇയാൾ ഒരു ദിവസം പോലും പോലീസ് കസ്റ്റഡിയിലാകാതെ പുറത്തിറങ്ങിയത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും നിഷ്ക്രിയത്വവുമാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാൻ വഴിയൊരുക്കിയതെന്ന ആക്ഷേപത്തെ തുടർന്ന്, സി.ഐ ബാബുമോൻ, സി.പി.ഒ അബ്ദുൾ ഹമീദ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വന്തം വീട്ടിൽ വെച്ച് കുട്ടിയുടെ മാതാവിന്റെ സുഹൃത്തായ അബ്ദുൽ റഫീഖ് പെൺകുട്ടിയെ ലൈംഗികമായി പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ മാതാവും ഇതിന് കൂട്ടുനിന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും രണ്ടു വർഷത്തോളമാണ് ഇയാൾ പെൺകുട്ടിയെ ചൂഷണം ചെയ്തത്. കുട്ടി പഠനത്തിൽ ഏറെ പിന്നോക്കം പോയതിനെ തുടർന്ന് സ്കൂൾ അധികൃതർ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് ക്രൂര പീഡന വിവരം പുറത്തറിയുന്നത്.

തുടർന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് പത്തു മാസം മുൻപ് പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അബ്ദുൽ റഫീഖിനെ ഒന്നാം പ്രതിയും കുട്ടിയുടെ മാതാവിനെ രണ്ടാം പ്രതിയുമായാണ് കേസെടുത്തത്. മാതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. എന്നാൽ ഒന്നാം പ്രതിയായ അബ്ദുൾ റഫീഖ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളം വഴി പ്രതി നാട്ടിൽ തിരിച്ചെത്തിയിട്ടും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ തയ്യാറായില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. പ്രതിയുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഹർജി നൽകിയെങ്കിലും കോടതി അത് തള്ളിയതോടെയാണ് ഇപ്പോൾ അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നിരിക്കുന്നത്.

Related Articles

Back to top button