നീറ്റ് സമരത്തിന് പിന്നാലെ അടുത്ത നീക്കത്തിന് സിജെപി

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജന്തർ മന്തറിൽ നടത്തിയ സമരം അവസാനിപ്പിച്ച കോക്റോച്ച് ജനത പാർട്ടി (സിജെപി) ഇനി സംഘടനയുടെ അടുത്തഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനൊരുങ്ങുന്നു. സമരാനന്തര സാഹചര്യം വിലയിരുത്താനും തുടർ സമരപരിപാടികൾ തീരുമാനിക്കാനും ഓഗസ്റ്റ് 5-ന് മുംബൈയിലെ ഛത്രപതി സംഭാജി നഗറിലുള്ള പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയുടെ വസതിയിൽ പ്രധാന നേതാക്കളുടെ യോഗം ചേരും.
സമരത്തിൽ പങ്കെടുത്ത പ്രവർത്തകർക്കും വിദ്യാർഥികൾക്കുമെതിരായ നിയമനടപടികൾ, സംഘടനാ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികൾ, വരുംദിവസങ്ങളിലെ പ്രതിഷേധപരിപാടികൾ എന്നിവയാണ് യോഗത്തിലെ പ്രധാന അജൻഡ. യോഗത്തിന് മുന്നോടിയായി വളണ്ടിയർമാരുടെയും വിദ്യാർഥികളുടെയും അഭിപ്രായങ്ങൾ ശേഖരിക്കാൻ പാർട്ടി നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്ന നേതാക്കൾ പാർട്ടിയുടെ തുടർനിലപാടുകളും സമരപരിപാടികളും പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുമായും പിന്തുണക്കാരുമായും അഭിജിത്ത് ദീപ്കെ കൂടിക്കാഴ്ചകൾ തുടരുന്നുമുണ്ട്.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ് ജന്തർ മന്തറിൽ 36 ദിവസമായി തുടരുന്ന സമരം സിജെപി അവസാനിപ്പിച്ചത്. ഒരു മാസത്തിലേറെ നീണ്ട പ്രതിഷേധത്തിന് ശേഷം പ്രവർത്തകരും വളണ്ടിയർമാരും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്ന് പാർട്ടി നേതൃത്വം നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.




