പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചു.. അർജുൻ ആയങ്കിക്ക് 2 ദിവസത്തെ…

കൊച്ചി: പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കോതമംഗലം പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. സമൂഹമാധ്യമങ്ങളിൽ വെല്ലുവിളി പോസ്റ്റുകളിട്ടത് താൻ തന്നെയാണെന്ന് അർജുൻ ആയങ്കി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

പോസ്റ്റുകൾ ഇടുന്നതിനായി വിവിധ സ്ഥലങ്ങളിലെ വൈഫൈ കണക്ഷനുകൾ ഉപയോഗിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു. ഭീഷണി പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ച ഐഫോൺ 16 പ്രോയും പൊലീസ് കണ്ടെത്തി. അർജുൻ ആയങ്കിയെ പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിന് സമീപത്തുനിന്നാണ് ഫോൺ കണ്ടെത്തിയത്. ഷൂ റാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ. നേരത്തെ അർജുൻ പിടിയിലായപ്പോൾ പൊലീസ് മറ്റൊരു വിവോ ഫോൺ കണ്ടെത്തിയിരുന്നു. എന്നാൽ ഭീഷണി പോസ്റ്റുകൾ പ്രസ്തുത ഫോണിൽനിന്നല്ല ഇട്ടതെന്ന് പിന്നീട് വ്യക്തമായിരുന്നു. പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയെ ഈ മാസം ഒമ്പതിനാണ് കണ്ണൂരിൽനിന്ന് പിടികൂടിയത്. പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അർജുൻ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യുന്നതോടെ സമൂഹമാധ്യമങ്ങളിലെ ഭീഷണി പോസ്റ്റുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button