‘ആഭ്യന്തരം ഭരിക്കുന്നത് BJP അല്ലേ’; വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ബിജെപി അല്ലേയെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ്. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിനാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് പ്രവർത്തകനുമായുള്ള ജോസ് ഫ്രാങ്ക്ളിൻ്റെ ഫോൺ സംഭാഷണം പുറത്തുവരികയായിരുന്നു. ബിജെപിയുമായുള്ള സംഘർഷത്തിൽ യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റിലാണ് ജോസിന്റെ വിമർശനം. നേരത്തെ ചെന്നിത്തല പങ്കെടുത്ത പരിപാടിയിൽ നിന്ന് ജോസിനെ ഒഴിവാക്കിയിരുന്നു. നെയ്യാറ്റിൻകര എംഎൽഎയുടെ പരിപാടിയിൽ നിന്ന് ചെന്നിത്തല ഇടപെട്ടാണ് ജോസിനെ ഒഴിവാക്കിയത്.

‘രാഹുലിനെ അറസ്റ്റ് ചെയ്തതിൽ വലിയ വിമർശനമാണല്ലോ. ഭരണത്തിലിരുന്നിട്ട് ഇവന്മാർ ഇങ്ങനെ കാണിച്ചതെന്താണ്’ എന്നാണ് ഒരു കോൺഗ്രസ് പ്രവർത്തകൻ ഫോണിലൂടെ ചോദിക്കുന്നത്. അതിന് മറുപടിയായി ‘എന്ത് ചെയ്യാൻ പറ്റും? ആഭ്യന്തരം നമ്മളല്ലല്ലോ. ബിജെപിയല്ലേ ഇപ്പോൾ. അങ്ങനെയാണ് തോന്നുന്നത്’ എന്ന് ജോസ് ഫ്രാങ്ക്‌ളിൻ പറയുന്നു. പ്രവർത്തകർക്കിടയിൽ വലിയ വിമർശനമാണെന്നും എംഎൽഎമാരെയൊക്കെ ചീത്ത വിളിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകൻ അതിന് മറുപടി നൽകുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിപക്ഷം ഉന്നയിച്ച കോൺഗ്രസ്- ബിജെപി ഡീൽ എന്ന ആരോപണത്തിന് സമാനമായ വിമർശനമാണ് പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button